ന്യൂഡൽഹി: നിബന്ധമായും മാസ്ക്ക് ധരിക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് മാസ്‍ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.മാസ്‍ക്ക് ധരിക്കാതിരുന്നാൽ പിഴയും ആറുമാസം തടവും നേരിടേണ്ടി വരുമെന്നാണ് ഇന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടത്.
സ്റ്റാൻഡേർഡ് മാസ്‍ക്കുകളോ വീട്ടിൽ തയാറാക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മാസ്‍ക്കുകളോ ധരിക്കാം.കാറിൽ പോകുന്നവരും മാസ്ക്ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെയാണ് നിരീക്ഷണം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനൊപ്പം ഹോട്ട് സ്പോട്ടുകളായ സ്ഥലങ്ങൾ ലോക്ക് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങാൻ പോലും പൊതുജനങ്ങൾക്ക് അനുവാദമില്ല. അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ചുകൊടുക്കാനാണ് സർക്കാർ തീരുമാനം. നിർബന്ധമായും മാസ്‍ക്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പഞ്ചാബ് സർക്കാരും ഉത്തരവിറക്കി. വൃത്തിയുള്ള തുണികൊണ്ട് മുഖം മറയ്ക്കാനും അനുവദിക്കും.ഇതിനുപുറമേ മുംബയും പൂനെയും നാസിക്കും നാഗ്‍പൂരും മുഖാവരണം നിര്‍ബന്ധമാക്കി. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഒഡീഷ, ചഢീഗഡ്, ജമ്മുകശ്മീർ രാജസ്ഥാൻ എന്നിവിടങ്ങളിലും പൊതുവിടങ്ങളിൽ മാസ്‍ക്ക് നിർബന്ധമാണ്. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.