nun

റോം: വിശ്വാസവും ശാസ്ത്രവും ഒത്തുചേർന്ന ജീവിതമാണ് കന്യാസ്ത്രീയും ഡോക്‌ടറുമായ സിസ്‌റ്റർ ഏഞ്ചൽ ബിപെൻഡുവിന്റേത്. ഇറ്റലിയിൽ ഒരു ഭാഗത്ത് കൊവിഡ് രോഗികളെ ചികിത്സിക്കുകയും മറ്റൊരിടത്ത് ആശ്വാസവാക്കുകളുമായി അവർക്ക് ധൈര്യം പകരുകയും ചെയ്യുന്നു. കോംഗോയാണ് സിസ്‌റ്റർ ഏഞ്ചലിന്റെ സ്വദേശം. രണ്ട് വർഷം മുമ്പ് സിസ്‌റ്ററുടെ രാജ്യത്തെയും ഭീകരമായ ഒരു പകർച്ചവ്യാധി പിടികൂടിയിരുന്നു; എബോള. അന്ന് കാണിച്ച അതേ ധൈര്യവും വിശ്വാസവും തന്നെ ഇറ്റലിയിലും തുടരുകയാണ് സിസ്‌റ്റർ ഏഞ്ചൽ. തന്റെ സ്വന്തം രാജ്യമായ കോംഗോയെ പറ്റി ആലോചിക്കുമ്പോഴും സിസ്‌റ്ററിന് അധിയായ വിഷമമുണ്ട്. കൊവിഡ് മാത്രമല്ല ദാരിദ്ര്യവും കോംഗോയിലെ വില്ലനാണ്.

ഒരു പക്ഷേ, കൂടുതൽ പേർ പട്ടിണി മൂലം മരിക്കാം. കന്യാസ്ത്രീയുടെ വേഷം തത്കാലത്തേക്ക് മാറ്റി നിറുത്തി സുരക്ഷാ വസ്ത്രവും കൈകളിൽ ഗ്ലൗസും മുഖത്ത് സർജിക്കൽ മാസ്‌കുമായി രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് ഇപ്പോൾ സിസ്‌റ്റർ ഏഞ്ചൽ. ബെർഗാമോ പ്രവിശ്യയിൽ 2,000 ത്തോളം പേർ മരിച്ച സോന്യോയിലാണ് 47കാരിയായ സിസ്‌റ്റർ ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്നത്. 9,000 ജനങ്ങൾ ജീവിക്കുന്ന ഇവിടെയുള്ള വീടുകൾ സന്ദർശിച്ച് സിസ്‌റ്റർ ചികിത്സ നൽകുന്നു. കൊറോണ വൈറസ് തന്നെ ബാധിക്കുമോ എന്ന് യാതൊരു ഭയവും സിസ്‌റ്ററിനില്ല.

ആകെയുള്ള ആഗ്രഹം ഒരു ഡോക്‌ടർ എന്ന നിലയിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കുക എന്നതാണ്. ഇറ്റലിയിൽ നൂറിലേറെ ഡോക്‌ടർമാർ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ചു. നിരവധി ഡോക്ടർമാർ ക്വാറന്റൈനിൽ കഴിയുന്നതുമുണ്ട്. എന്നാൽ അതൊന്നും താൻ ഒരിഞ്ച് പിറകിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് സിസ്‌റ്റർ ഏഞ്ചൽ പറയുന്നു. 16 വർഷം മുമ്പാണ് സിസ്‌റ്റർ ഏഞ്ചൽ ഇറ്റലിയിലെത്തിയത്. വളരെ വൈകിയാണ് മെഡിക്കൽ പഠനത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് സിസ്‌റ്റർ ഓർക്കുന്നു. സിസിലിയിലെ പലേർമോയിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ മാസമാണ് മഠത്തിൽ നിന്നും ലീവെടുത്ത് കൊറോണ ചികിത്സാ രംഗത്തേക്ക് സിസ്‌റ്റർ കടന്നു വന്നത്.

വീടുകളിൽ കഴിയുന്ന വൈറസ് ബാധിതരെ ചികിത്സിക്കാൻ നിയോഗിച്ച സംഘത്തിലാണ് സിസ്‌റ്റർ ചേർന്നത്. 'താൻ ചികിത്സിക്കുന്നതിൽ ഭൂരിഭാഗവും വയോധികരാണ്. ഡോ‌ക്‌ടറായ തന്നെ കാണുമ്പോൾ അവർ ആദ്യം തന്നെ അഭിവാദ്യമർപ്പിക്കും. പിന്നെ താൻ സ്വയം പരിചയപ്പെടുത്തും. ഞാൻ ഒരു ഡോക്‌ടർ മാത്രമല്ല കന്യാസ്ത്രീ കൂടിയാണെന്നറിയുമ്പോൾ അവരുടെ കണ്ണുകളിൽ പ്രകാശം കാണാനാകും. ' ശാന്തതയോടെ സിസ്‌റ്റർ പറയുന്നു. ശരീര താപനില, രക്തത്തിലെ ഓ‌‌ക്‌സിജൻ അളവ് തുടങ്ങി രോഗിയെ പരിശോധിച്ച ശേഷം ആരോഗ്യനില തൃപ്‌തികരമല്ലെങ്കിൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കും. ' രോഗികളായ വയോധികരിൽ പലരും ആശുപത്രികളിലും വീടുകളിലും തനിച്ചുള്ള സാഹചര്യമാണിപ്പോൾ. അവരെ മാനസികമായി പിന്തുണയ്ക്കുന്നതും അനിവാര്യമാണ്. അവർ തനിച്ചല്ലെന്ന തോന്നൽ നാം സൃഷ്‌ടിക്കണം ' സിസ്‌റ്റർ ഏഞ്ചൽ പറഞ്ഞു നിറുത്തി. ഇതിനിടെയിൽ പള്ളിയിലെത്താനും സിസ്‌റ്റർ സമയം കണ്ടെത്തുന്നുണ്ട്. ഫേസ്‌മാ‌സ്‌ക് ധരിക്കുമെങ്കിലും സുരക്ഷാ വസ്ത്രങ്ങൾ മാറ്റി കന്യാസ്ത്രീയുടെ വേഷമണിഞ്ഞാണ് പള്ളിയ്ക്കുള്ളിൽ പ്രവേശിക്കുന്നത്. 2016നും 2017നും ഇടയിൽ മെഡിറ്ററേനിയനിൽ അഭയാർത്ഥി കപ്പലിലുള്ളവരെ പരിചരിക്കാനുള്ള രക്ഷാദൗത്യത്തിലും സിസ്‌റ്റർ ഏഞ്ചലുണ്ടായിരുന്നു. കപ്പലിൽ രോഗബാധിതരായിരുന്നവരെയെല്ലാം സി‌സ്‌റ്റർ ശുശ്രൂഷിച്ചിരുന്നു.