തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് മോഷണവും അക്രമങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെയും അനിഷ്ടസംഭവങ്ങളുടെയും എണ്ണം കുറഞ്ഞു. ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചുപൂട്ടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാതാവുകയും ചെയ്തതോടെ റോഡപകടങ്ങളും വിരളം. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൂട്ടാക്കാതെ നിരത്തിലിറങ്ങിയതിന് പിടിക്കപ്പെട്ടവർ മാത്രമാണ് വാഹനം വിട്ടുകിട്ടാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന്റെ പടികടന്നെത്തുന്നത്. നാട്ടിൻ പുറങ്ങളിലും നഗരത്തിലും അടിപിടി, ഭവനഭേദനം, മോഷണം, വധശ്രമം, പീഡനം തുടങ്ങിയ കുറ്രകൃത്യങ്ങളൊന്നും പഴയതുപോലെ കേൾക്കാനില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് 38 പീഡനക്കേസുകളാണ് സംസ്ഥാനത്ത് മൊത്തത്തിൽ റിപ്പോർട്ടായത്. ഇത്തവണ അത് പത്തിൽ താഴെയായി. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു ഡസനോളം കവർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതുവരെ ഒരു കേസുപോലുമില്ല.
കഴിഞ്ഞ വർഷം 13 തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരു കേസാണ് കൊവിഡ് കാലത്ത് കേരളത്തിലുണ്ടായത്. മയക്ക് മരുന്ന് കേസുകൾ കണ്ടെത്തുന്നതിൽ എക്സൈസും പൊലീസും മത്സരമായിരുന്നെങ്കിൽ ജില്ലാ - സംസ്ഥാന അതിർത്തികൾ അടയ്ക്കുകയും റോഡ് -റെയിൽ ഗതാഗതം നിലയ്ക്കുകയും ചെയ്തതോടെ ഇപ്പോൾ പൊലീസിനും എക്സൈസിനും മരുന്നിനുപോലും ഒരു കേസില്ല. അസ്വാഭാവിക മരണങ്ങളും തീരെ കുറഞ്ഞു.
ലോക്ക് ഡൗണോടെ രാജ്യത്താകെ ഗാർഹിക പീഡനക്കേസുകൾ വർദ്ധിച്ചതായി ദേശീയ മനുഷ്യാവകാശകമ്മിഷൻ പ്രസ്താവിച്ചെങ്കിലും കേരളത്തിൽ ആകെ രണ്ട് കേസാണ് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടായത്. കഴിഞ്ഞ വർഷം രണ്ട് ഡസനോളം കേസുകൾ ഈ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. വാഹനാപകടക്കേസുകളിൽ ദിനംപ്രതി നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്ന കേരളത്തിൽ രണ്ടാഴ്ചയ്ക്കകം ആകെ 15 കേസുകളാണ് റിപ്പോർട്ടായത്. മദ്യശാലകൾ അടച്ചതോടെ വ്യാജമദ്യനിർമ്മാണം നടത്തുന്നവർ ഒറ്റയ്ക്കും കൂട്ടായും പിടിയിലാകുന്നതും അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷമീനുകൾ പിടിച്ചെടുക്കുന്നതുമാണ് കൊവിഡ് കാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആകെയുള്ള വിശേഷം.
അതിർത്തികൾ അടയ്ക്കുകയും പൊലീസ് പരിശോധന ശക്തമാകുകയും ചെയ്തതിനൊപ്പം വാഹനങ്ങളുടെയും ആളുകളുടെയും മൂവ്മെന്റ് കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങൾ കുറഞ്ഞതിന്റെ പ്രധാന കാരണം. ലോക്ക് ഡൗണിൽ ആളുകൾ തൊഴിൽ രഹിതരായി വീടുകളിൽ കഴിയുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്.മദ്യം പോലുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗം കുറഞ്ഞതും കുറ്റവാളികളും സാമൂഹ്യ അകലം പാലിച്ച് കഴിയുന്നതുമാണ് കേസുകളുടെ എണ്ണം കുറയാൻ ഇടയാക്കിയത്.
- മനോജ് എബ്രഹാം, എ.ഡി.ജി.പി