വെമ്പായം: തെരുവുനായ ആക്രമണത്തിൽ ഭയന്നിരിക്കുകയാണ് മദപുരത്തെ ജനങ്ങൾ. ഭക്ഷണം കിട്ടാതായതോടെ നായകൾ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പ്രദേശവാസിയായ സുവിരാജിന്റെ ആടിനെ തെരുവുനായ്‌ക്കൂട്ടം കടിച്ചുകൊന്നത് അടുത്തിടെയാണ്. അദ്ദേഹത്തിന്റെ രണ്ട് ആടുകളെ നേരത്തെ നായകൾ ആക്രമിച്ച് വകവരുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഒരു പോത്തിനെ നായ്കൾ കടിച്ചു കൊന്നിരുന്നു. ഇതോടെയാണ് നാട്ടുകാർ ഭീതിയിലായത്. വളർത്തുമൃഗങ്ങളെ കൂടിന് പുറത്തിറക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.
മദപുരത്തെ ക്രഷറിൽ തമ്പടിച്ചിരിക്കുന്ന നായകളാണ് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ലോക്ക് ഡൗണിൽ ക്രഷർ അടച്ചിട്ടതോടെയാണ് ആഹാരം കിട്ടാതെ നായകൾ നാട്ടിലേക്കിറങ്ങിയത്. ഇതോടെ നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നായകൾ കുരച്ചുകൊണ്ടുചാടുന്നത് പതിവാണ്. ഇതോടെ കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.