വർക്കല/ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വർക്കലയും ആറ്റിങ്ങലും സന്ദർശിച്ച് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ. താലൂക്ക് ഓഫീസുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ആശുപത്രികൾ, ഹെൽപ്പ് ഡെസ്‌ക് സെന്ററുകൾ, കാപ്പിൽ, കടമ്പാട്ടുക്കോണം ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങൾ സന്ദർശിച്ച കളക്ടർ ജാഗ്രത തുടരണമെന്നും പരിശോധനകൾ ഊർജിതമാക്കണമെന്നും നിർദ്ദേശിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്, അവരുടെ പ്രശ്‌നങ്ങൾ, ഭക്ഷണ വിതരണം, ഭക്ഷ്യധാന്യങ്ങൾ, മരുന്ന്, കാലിത്തീറ്റ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. വർക്കല പൊലീസ് സ്റ്റേഷൻ നടപ്പിലാക്കിയ സ്‌നേഹസ്‌പർശം പദ്ധതിയെയും റോഡ് വിജിലന്റ് ആപ്പ് വികസിപ്പിച്ച വർക്കല സ്റ്റേഷനിലെ ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദിനെയും അഭിനന്ദിച്ചു. സർക്കാരിന്റെ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർ പരമാവധി പാലിക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. അഡ്വ: വി.ജോയി എം.എൽ.എ, തഹസിൽദാർ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അസീം ഹുസൈൻ, വി.സുമംഗല, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.ജോസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.