1

തിരുവനന്തപുരം : ലോക്ക് ഡൗൺ കാലം കടുത്തതോടെ കളരിയിലെ കുട്ടികൾ ഗുരുവിനുമുമ്പിൽ പരാതിയുമായെത്തി ; "വെറുതെ വീട്ടിലിരിക്കാൻ വയ്യ, ഞങ്ങൾക്ക് കളരി പരിശീലിക്കാൻ എന്തെങ്കിലും മാർഗ്ഗം വേണം "

ശിഷ്യഗണം പറയുന്നതിലും കാര്യമുണ്ട്. പക്ഷെ എന്താണ് മാർഗ്ഗം?

ആചാര്യൻ തലപുകഞ്ഞ് ആലോചിച്ചു. മെയ്യ്ത്താരിയും അങ്കത്താരിയും അഭ്യസിക്കാനായി കളരിത്തറയിലേക്ക് പോകാൻ ലോക്ക് ഡൗൺ കാലത്ത് കഴിയില്ല. ഒടുവിൽ ഒരു മാർഗ്ഗം കണ്ടെത്തി,​ ഓൺലൈൻ വഴി കളരി പരിശീലനവും പിന്നെ കളരി ചലഞ്ചും. കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി.

1

നേമം ധന്വന്തരി കളരിയാണ് ഓൺലൈനിലൂടെ കളരി പരിശീലനത്തിന്റെ പുത്തൻ സാദ്ധ്യതകൾ തുറന്നത്. ആചാര്യൻ ഡോ.എസ്. മഹേഷ് പത്തുദിവസം മുമ്പാണ് പദ്ധതിക്ക് രൂപം നൽകിയത്. കുട്ടികൾക്ക് പ്രചോദനമാകും വിധം ഓരോ ദിവസവും വാട്സ് ആപ്പ് വഴി ഓരോ ചലഞ്ച് നൽകും. ഓരോ അടവും പരിശീലിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ തിരികെ അയച്ചുകൊടുക്കും. കളരിഗുരുക്കന്മാർ അത് പരിശോധിച്ച് വിലയിരുത്തും. കുട്ടികൾക്ക് പ്രചോദനമേകാൻ സിനിമ താരങ്ങളായ ഇനിയ, കിഷോർസത്യ എന്നിവരും ചലഞ്ചിൽ പങ്കെടുക്കുന്നുണ്ട്.

1

സൂചിക്കിരിക്കൽ, ചുവടുകൾ, ചക്രാസനം... എന്നിങ്ങനെ ഓരോ ചലഞ്ചുകളാണ് ഓരോ ദിവസവും നൽകുന്നത്. ആരോഗ്യപ്രദമായ ജീവിതത്തിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം കുട്ടികൾ കളരി അഭ്യസിക്കുന്നത് നല്ലതാണെന്ന് ഡോ. മഹേഷ് പറയുന്നു. ലോക്ക് ഡൗൺ കാലത്തെ ബോറടിമാറ്റാൻ പുതിയ രീതി സഹായകമാണെന്ന് കുട്ടികളും പറയുന്നു.

1