നെടുമങ്ങാട് :നല്ല ചൂട് ചോറും സാമ്പാറും കൂട്ടിന് തോരനും അവിയലും മാങ്ങാ അച്ചാറും. 20 രൂപയ്ക്ക് നല്ല ഉഗ്രൻ ഊണും.കുടുംബശ്രീയുടെ നേതൃത്വത്തിൽ കുറഞ്ഞ വിലയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടലുകൾ നെടുമങ്ങാട് നഗരസഭയിലും പ്രവർത്തനമാരംഭിച്ചു.'രുചിയിടം' എന്ന പേരിൽ നഗരസഭ കാര്യാലയത്തിന് സമീപം ആരംഭിച്ച ജനകീയ ഹോട്ടൽ സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 3 ഹോട്ടലുകൾ കൂടി പ്രവർത്തനത്തിന് സജ്ജമായി കഴിഞ്ഞു.ഇന്ന് പഴകുറ്റി ഉളിയൂർ റോഡിൽ രണ്ടാമത്തെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിക്കും.നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിനു സമീപവും ഇരിഞ്ചയത്തും തൊട്ടടുത്ത ദിവസങ്ങളിലും പ്രവർത്തനം തുടങ്ങും.ഉച്ചയൂണിന് പുറമെ കുറഞ്ഞ നിരക്കിൽ മറ്റ് രുചിയേറുന്ന ഭക്ഷണങ്ങൾ കൂടി നൽകാനാണ് നഗരസഭ ആലോചിക്കുന്നതെന്ന് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി ഹരികേശൻ,ആർ.മധു,ടി.ആർ സുരേഷ്കുമാർ , റഹിയാനത്ത് ബീവി എന്നിവർ അറിയിച്ചു.കൗൺസിലർ സി.സാബു,പാട്ടത്തിൽ ഷെരീഫ്,കെ.എ.അസീസ്,കെ.റഹീം,സി.ഡി.എസ് ചെയർപേഴ്സൺ ജിജി,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം വൈകിട്ട് 5ന് മുമ്പായി വിളിച്ച് ഓർഡർ ഉറപ്പാക്കണം.25 രൂപയ്ക്ക് ഊണ് പാഴ്സലായി വീടുകളിലെത്തിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.ഫോൺ : 9526350740, 9846371353