covid

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധം ഫലപ്രദമായി നടപ്പാക്കി മുന്നോട്ട് പോകുന്ന കേരളത്തെ കൊവിഡിന് ശേഷം കാത്തിരിക്കുന്നത് വെല്ലുവിളികളെന്ന് വിദഗ്ദ്ധർ.അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടങ്ങിപ്പോക്ക് തൊഴിൽ മേഖലയിലും പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവ് വരുമാനത്തിലും പ്രതികൂലാവസ്ഥ സൃഷ്ടിക്കും.സംസ്ഥാനത്തിന്റെ മുഖ്യവരുമാനം പ്രവാസികളിൽ നിന്നാണ്. വെള്ളക്കോളർ ജോലിയിൽ മാത്രം തല്പരരായ മലയാളിക്ക് മാറിച്ചിന്തിക്കേണ്ടി വരും.

തൊഴിലാളികളുടെ മടങ്ങിപ്പോക്ക്:

1.പത്തു വർഷത്തിലധികമായി അടിസ്ഥാന തൊഴിൽമേഖലയിൽ അന്യസംസ്ഥാനക്കാരാണ് ജോലിനോക്കുന്നത്.

ലോക്ക് ഡൗൺ കഴിഞ്ഞാൽ അവർ കൂട്ടത്തോടെ മടങ്ങിപ്പോകാനാണ് സാധ്യത.നിർമ്മാണമേഖല തൊട്ട് തട്ടുകടകളിൽ വരെ തൊഴിലാളിക്ഷാമം അനുഭവപ്പെടും. അടിസ്ഥാന തൊഴിൽമേഖലകളിൽ മലയാളികളുടെ സേവനം അനിവാര്യമായി മാറും.

2. ഒരു വർഷത്തെ കണക്കെടുത്താൽ 30 ലക്ഷത്തോളം അന്യസംസ്ഥാനത്തൊഴിലാളികളുടെ സാന്നിദ്ധ്യം കേരളത്തിലുണ്ടെന്ന് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പറയുന്നു. സംസ്ഥാന തൊഴിൽവകുപ്പിന്റെ കണക്കു പ്രകാരം സ്ഥിരമായി അഞ്ച് മുതൽ 10ലക്ഷം വരെ അന്യസംസ്ഥാന തൊഴിലാളികളുണ്ട്. തൊഴിൽ വകുപ്പിന്റെ ആവാസ് ഇൻഷ്വറൻസ് പദ്ധതിയിൽ അഞ്ച്ലക്ഷത്തിൽ പരം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ മടങ്ങിവരവ്:

1.ഗൾഫ് നാടുകളിൽ നിന്നടക്കം കൂട്ടത്തോടെ മലയാളികൾ മടങ്ങിയെത്തുന്നത് മറ്റൊരു വെല്ലുവിളിയാണ്. പ്രവാസി മലയാളികൾ 23-24 ലക്ഷം പേരുണ്ട്. ഇതിൽ എത്ര ശതമാനം തിരിച്ചെത്തുമെന്ന് നിശ്ചയമില്ല.

2.ഗൾഫ് നാടുകളിൽ കൊവിഡ് വ്യാപനത്തിന് പുറമേ സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായതോടെ നിരവധി പേർ തൊഴിൽരഹിതരായിക്കഴിഞ്ഞു. പല ഗൾഫ് രാജ്യങ്ങളും തട്ടിപ്പ് കേസുകളിലും മറ്റുമായി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ മടക്കി അയയ്ക്കാൻ നടപടി തുടങ്ങി.

3. ഗൾഫ് വരുമാനം കുത്തനെ ഇടിയുന്നതിനൊപ്പം കൂട്ടത്തോടെയുള്ള മടങ്ങിവരവും സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരും.ഇവർക്കായി തൊഴിൽ പദ്ധതികൾ ഒരുക്കുക വെല്ലുവിളിയാകും.

ദൈനംദിന ജീവിതം

1.പാലുല്പാദനത്തിലും നേരിയ തോതിൽ പച്ചക്കറിയുല്പാദനത്തിലും മാത്രമാണ് കേരളം സ്വയംപര്യാപ്തമായത്. ഉപ്പ് തൊട്ടു കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തണം.

2.എല്ലാ സംസ്ഥാനങ്ങളെയും കൊവിഡ് പിടികൂടിയ സാഹചര്യത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും പ്രതിബന്ധങ്ങൾ നേരിടാം. കാസർകോട്ടെ 'കർണാടക മോഡൽ' വിലക്കുകൾ പല സംസ്ഥാനങ്ങളും അപ്രഖ്യാപിതമായി ഏർപ്പെടുത്തിയേക്കാം.