ചിറയിൻകീഴ്: കൊവിഡ് കാലത്ത് കാർഷിക ഉത്പന്നങ്ങളും പാലുത്പന്നങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന കീഴാറ്റിങ്ങൽ മിൽകോയുടെ സംരംഭത്തിന് ജനപ്രീതിയേറുന്നു. കർഷകരിൽ നിന്നും ശേഖരിക്കുന്ന വിവിധയിനം പച്ചക്കറികൾ, മരിച്ചീനി, ചക്ക, തേങ്ങ, മാങ്ങ, വാഴക്കുലകൾ എന്നിവയും സവാള, ഉള്ളി, മിൽകോയുടെ ഉത്പന്നങ്ങളായ പാൽ, തൈര്, നെയ്യ്, മിൽക്ക് കേക്ക്, മിൽക്ക് ഹൽവ, ഐസ്ക്രീം തുടങ്ങിയവയും അടങ്ങിയ വാഹനമാണ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിരത്തിലിറങ്ങുന്നത്. പച്ചക്കറികൾ വീട്ടുപടിക്കലെത്തുന്നതിനാൽ ഇതിന് ആവശ്യക്കാരേറെയാണ്. മാത്രവുമല്ല ഇത്തരം പച്ചക്കറികൾ വിറ്റഴിക്കാൻ യാതൊരു മാർഗവുമില്ലാതെ കഴിയുന്ന ചെറുകിട കർഷകർക്കും ഏറെ പ്രയോജനമാണ് മിൽകോയുടെ ഈ പുതിയ പ്രവർത്തനം. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലാണ് മിൽകോയുടെ വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. മാർക്കറ്റ് വിലയേക്കാൾ വില കുറച്ചാണ് പച്ചക്കറികൾ വിൽക്കുന്നത്. ഇതിനു പുറമേ മിൽകോ ആസ്ഥാനത്ത് പച്ചക്കറി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. മിൽകോയുടെ കീഴിൽ കേരളത്തിൽ ആദ്യമായി ആറ്റിങ്ങൽ വീരളത്ത് ആരംഭിച്ച മിൽക്ക് എ.ടി.എമ്മിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ ശക്തമായതോടെ ചെലവ് വർദ്ധിച്ചിട്ടുണ്ട്.