ഒരുതരം ലോക്ക് ഡൗൺ ഡൗൺ കാലം തന്നെയായിരുന്നു ആറു പതിറ്റാണ്ടു മുമ്പത്തെ ഞങ്ങളുടെ പായിപ്രയിൽ. വാഹനങ്ങളുടെ ഇരമ്പമോ വൈദ്യുതിയോ ഒന്നും ആ ഗ്രാമീണ സ്വച്ഛതയെ ബാധിച്ചിരുന്നതേയില്ല. പായിപ്രയുടെ ഭൂപ്രകൃതി തന്നെ ഇത്തരമൊരു ഒറ്റപ്പെടുത്തലിന് ഇണങ്ങുന്നതായിരുന്നു.
ചുറ്റും മലകൾ. നടുവിൽ, ചുറ്റുഗ്രാമങ്ങളിൽ നിന്ന് ഉയരത്തിലായി ഒരു സമതലം. പ്രത്യേകിച്ചൊരു പകർച്ചവ്യാധിയുടെയും ഭീഷണിയില്ലാതെ തന്നെ നാട്ടുകാർ ന്യായമായ അകലവും കരുതലും പാലിച്ചിരുന്നു. പായിപ്രത്തോട് പോലും ഇവിടെത്തന്നെ നീർച്ചാലുകളായി ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി പോഴാലി മലയിടുക്കിലൂടെ പുറത്തേക്ക് ഒഴുകിപ്പോകും. വേറൊരു ജലവാഹിനിയും പായിപ്രയെ ആർദ്രമാക്കിയില്ല; അന്നും, ഇന്നും.
മൂവാറ്റുപുഴ ചന്തയ്ക്കു പോകുന്ന ചില്ലറക്കച്ചവടക്കാരോ ചന്തയിൽ നിന്ന് വല്ലപ്പോഴും ചരക്കുമായി വരുന്ന കാളവണ്ടികളോ മാത്രമാണ് ദുഷ്കരമായ ഏനാലിക്കയറ്റം കയറാറുള്ളത്. തലച്ചുമടായിട്ടായിരുന്നു വിനിമയങ്ങൾ. അത്യപൂർവമായേ മോട്ടോർ വാഹനങ്ങൾ മലകയറി വരാറുള്ളൂ. അതും തടികയറ്റാൻ വരുന്ന ലോറികൾ!
ആനകളാണ് മലഞ്ചെരുവുകളിൽ നിന്നും പാടത്തുകൂടി കൂറ്റൻ തടികൾ റോഡിലേക്ക് എത്തിച്ചിരുന്നത്.
അത്യാസന്ന നിലയിലുള്ള രോഗികളെ കസേരയിലോ കട്ടിലിലോ എടുത്തുകൊണ്ട് പോവുകയാണ് പതിവ്. ആകെ ആശ്വാസമായി ഒരു മിഡ് വൈഫ് സെന്ററും നാടുചുറ്റുന്ന ഇട്ട്യാതി വൈദ്യനും മാത്രം. ജനനവും
മരണവും ഞങ്ങൾ പായിപ്രക്കാർക്ക് വീട്ടിൽത്തന്നെയായിരുന്നു.
നാട്ടിലാകെ ചിക്കൻ പോക്സ് പടർന്നുപിടിച്ച കാലം. ആകെ പേടിയായി. കൊയ്ത്തുകഴിഞ്ഞ പാടത്ത് നാട്ടുകാർ ചേർന്ന് ദേശമുടിയേറ്റു നടത്തിയത് ഓർക്കുന്നു. മുഖത്താകെ അരിമാവുകൊണ്ട് ചുട്ടികുത്തി, വസൂരി മാലയണിഞ്ഞ കാളിയും ദാരികനുമാണ് മുടിയേറ്റിലെ മുഖ്യവേഷങ്ങൾ. ഒരു പകർച്ചവ്യാധിയെ അനുഷ്ഠാന നാടകം കൊണ്ട് നേരിടുകയാണ് ഇവിടെ.
പ്രളയവും പായിപ്രയെ ബാധിക്കാറില്ല. വെള്ളപ്പൊക്കം പായിപ്രയെ പേടിപ്പിക്കാറില്ല.
പുതിയ കാലത്ത് കഥ മാറി. മറുനാട്ടുകാരല്ലാത്തവരെ കാൽനടക്കാരായി കാണാനില്ല. ആബാലവൃദ്ധം പായിപ്രക്കാരും ഇരുചക്ര - മുച്ചക്ര വാഹനങ്ങളിൽ പായുന്നു. കാറില്ലാത്തവരും കുറയും. ഈ പുരോഗമനകാലത്ത് നിനച്ചിരിക്കാതെ കൊവിഡ് നാട്ടിലാകെ പെയ്തിറങ്ങുന്നു. നടുക്കടലിൽ നങ്കൂരമിട്ട കപ്പൽ പോലെ പായിപ്രയും പഴയ മട്ടിലായി. വിജനമായ നിരത്തുകൾ. ശാന്തജീവിതം. അടഞ്ഞുകിടക്കുന്ന കടകൾ.
വായനയുടെ വാതായനങ്ങൾ തുറന്ന് ഞാനും മനസ്സഞ്ചാരങ്ങൾക്ക് വഴിതുറന്നു. പണ്ടു വായിച്ച പുസ്തകങ്ങളിൽ ചിലത് വീണ്ടും വായിച്ചു. പൊറ്റക്കാടിന്റെ ദേശാടനങ്ങളിലാണ് കൗതുകം തോന്നിയത്. മലയായിലേക്ക് കപ്പൽ കയറിയ പൊറ്റക്കാട് പെനാങ്കിൽ ചെന്നിറങ്ങുമ്പോൾ കണ്ട കാഴ്ച ഇപ്പോൾ കൗതുകമുണർത്തുന്നു. കപ്പലിലെ ഡെക്ക് യാത്രക്കാരായ പാവങ്ങളെ ക്വാറന്റൈൻ ദ്വീപിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നു. ആദ്യകാലത്ത് ഇക്കൂട്ടരെ വിവസ്ത്രരാക്കി ചുണ്ണാമ്പുവെള്ളത്തിൽ കുളിപ്പിച്ച ശേഷമാണ് ദ്വീപിലേക്ക് കടത്തുക. കടലിൽ വച്ച് കൊടുങ്കാറ്റുണ്ടായപ്പോൾ പ്രസവിച്ച പാവപ്പെട്ട തമിഴത്തിയേയും കുഞ്ഞിനെയും പോലും അവർ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് പൊറ്റക്കാട് എഴുതുന്നു.