പാറശാല : പൊഴിയൂരിലെ വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസം വീടുകളിലേക്ക് മടങ്ങി. വിവിധ ജില്ലകളിൽ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തിയവരാണ് മിക്കവരും. ആരും രോഗബാധിതരല്ലെന്ന് തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് തീരദേശ മേഖല. പൊഴിയൂരിലെ രണ്ട് സ്കൂളുകളിലായി 172 മത്സ്യത്തൊഴിലാളികളെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്. ക്യാമ്പുകളിൽ പൊലീസിന്റെ മുഴുനീള സാന്നിദ്ധ്യമുണ്ടായിരുന്നതും പഞ്ചായത്ത് സമിതിയും യുവജന ക്ഷേമ വകുപ്പും ആരോഗ്യവകുപ്പും ജാഗരൂകരായി പ്രവർത്തിച്ചതും പ്രവർത്തനങ്ങളുടെ വിജയത്തിന് കാരണമായി. കൊല്ലംകോട് ഇടവക വികാരി ഫാ.ഷാജു വില്യം, പരുത്തിയൂർ ഇടവക വികാരി ഫാ.അഗസ്റ്റിൻ ജോൺ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡങ്സ്റ്റൻ സി.സാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജാല്ലി, വാർഡ് മെമ്പർ പൊഴിയൂർ ജോൺസൻ, മുൻ മെമ്പർ പി.ലീൻ, പഞ്ചായത്ത് സെക്രട്ടറി ഹാരിൻ ബോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു തുടങ്ങിയവർ മത്സ്യത്തൊഴിലാളികളെ യാത്രയാക്കാൻ എത്തിയിരുന്നു.