china

ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ വുഹാനിൽ കൊവിഡ് രോഗിയെ നിർണയിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2019 ഡിസംബർ എട്ടിനാണ്.എന്നാൽ ചൈന നടപടികളിലേക്ക് പോയത് ജനുവരി 23ന് മാത്രവും. വുഹാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് അന്നായിരുന്നു.

ലോകാരോഗ്യ സംഘടന ഡിസംബർ എന്ന് പറയുമ്പോഴും നവംബർ മാസത്തിലെ വൈറസ് വ്യാപനം തുടങ്ങിയിരുന്നുവെന്നാണ് വിദഗ്ദ്ധാഭിപ്രായം. രണ്ടുമാസം ചൈന കണ്ണടച്ചിരുന്നു. ഒന്നുകിൽ തിരിച്ചറിഞ്ഞില്ല അല്ലെങ്കിൽ മൂടിവച്ചതുമാകാം. എന്നാൽ അവിടെ വൈറസ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്ത ഡോക്ടറെ ശകാരിക്കുകയും നിശബ്ദമാക്കുകയും ചെയ്തു. ചൈന ഗ്ളോബൽ ടൈംസിൽ വുഹാനിൽ ഒരു പുതിയതരം ന്യുമോണിയ ഉള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. അത് കൊവിഡ് തന്നെയായിരുന്നിരിക്കും. ഒൗദ്യോഗികമായി അത് സ്ഥിരീകരിച്ചിരുന്നില്ല. വുഹാനിലെ മരണസംഖ്യ 3333 എന്നാണ് ഒൗദ്യാേഗിക ഭാഷ്യം. വുഹാനിലെ ജനസംഖ്യയാകട്ടെ ഒരുകോടിയിൽപ്പരവും. ഹുബായ് പ്രവിശ്യയുടെ ജനസംഖ്യ അഞ്ചര കോടിയാണ്. ഹൂബായ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. ആ നിലയ്ക്ക് നോക്കുമ്പോൾ മരണസംഖ്യ സംബന്ധിച്ച കണക്ക് പൊരുത്തപ്പെടുന്നതല്ല.

വുഹാനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വൈറസ് പടർന്നു പിടിച്ചപ്പോൾ ചൈനയിലെ മറ്റു നഗരങ്ങളിലേക്ക് എന്തുകൊണ്ട് വ്യാപിച്ചില്ലെന്ന ചോദ്യം പ്രസക്തമാകുന്നു. വുഹാനിൽ മാത്രം നാല്പതിനായിരത്തിലധികം പേർ മരിച്ചിരിക്കാമെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ. ഒൗദ്യോഗിക കണക്ക് കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.

മറ്റുരാജ്യങ്ങളിൽ കടന്നുകയറിയപ്പോൾ ചൈന മാത്രം എങ്ങനെ മാറിനിനിന്നുവെന്നത് ദുരൂഹമായിത്തുടരുന്നു. ചൈന സൃഷ്ടിച്ചതാണ് വൈറസെന്ന ആക്ഷേപത്തിൽ നിന്ന് ചൈന തലയൂരിയത് കൊവിഡ് ഒരു സ്വാഭാവിക വൈറസാണെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ നേച്വർ മെഡിസിൻ ജേർണലിൽ മാർച്ച് 17ന് പ്രസിദ്ധീകരിച്ച ലേഖനം വന്നതോടെയായിരുന്നു. അതേസമയം ചൈന കൊവിഡിലെ കുറ്റക്കാരനായിരുന്നെന്ന പേരുദോഷം മാറ്റാൻ ശ്രമിക്കുകയാണ് .ഇൗ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ മരുന്നും മറ്റു സാമഗ്രികളും കയറ്റുമതി ചെയ്യുന്നതിൽ മുന്നിലാണ് ചൈന. കച്ചവടക്കണ്ണ് കൊവിഡിലും ചൈന പയറ്റുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മാസ്ക്കുകളടക്കം ചൈന കയറ്റി അയച്ചു. ഇന്ത്യയും മരുന്ന് നിർമ്മാണ ഘടകങ്ങൾക്ക് കൂടുതൽ ആശ്രയിക്കുന്നത് ചൈനയെയാണ്.

ഇറ്റലിയെ ഇൗ രോഗം പിടികൂടിയപ്പോൾ 1000 വെന്റിലേറ്ററും 20 ലക്ഷം മാസ്‌ക്കും 50000 പരിശോധനാകിറ്റുകളും പരിശോധകർക്ക് ധരിക്കാനുള്ള 20000 പി.പി.ഇയും കൂടാതെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തേയും ചൈന അയച്ചു. ഇറാനും സഹായം നൽകി. വില്ലനായ ചൈന രോഗത്തെ പ്രതിരോധിക്കുന്നതിൽ മുന്നിലെത്തി. ചൈന ഇതിനെ വ്യാപാര അവസരമായി മാറ്റുകയായിരുന്നു.

മാർച്ച് 10 നാണ് ഷിജിൻ പിംഗ് വുഹാൻ സന്ദർശിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളെ കൊവിഡ് പ്രതിരോധിക്കുന്ന

മുന്നണിപ്പോരാളികളായിട്ടാണ് ഷി വിശേഷിപ്പിച്ചത്.പാർട്ടി മാധ്യമം പറയുന്നത് മാത്രം ശരിയെന്നാണ് ഒൗദ്യോഗിക നിലപാട്.