തിരുവനന്തപുരം: മൂന്നാഴ്ചത്തെ ലോക്ക് ഡൗണിനെ തുടർന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ കേരളം, ലോക്ക് ഡൗൺ നീട്ടിയാൽ കടക്കെണിയിലാവും. നികുതി വരുമാനത്തിന്റെ 42 ശതമാനത്തോളം ലഭിക്കുന്ന ജി.എസ്.ടി പിരിവ് നടക്കുന്നില്ല. അന്തർസംസ്ഥാന വ്യാപാരം നിലച്ചതോടെ ,അതിൽ നിന്നുള്ള സംസ്ഥാന വിഹിതവും കുറഞ്ഞു. അവശ്യ വസ്തുക്കൾ ഒഴികെ വിൽക്കുന്ന കടകളെല്ലാം അടച്ചതിനാൽ നികുതി വരുമാനവുമില്ല.
ബിവറേജസ് ഔട്ട്ലെറ്രുകളും അടച്ചതോടെ മദ്യനികുതിയുടെ പ്രതീക്ഷകളും ഇല്ലാതായി. ഇന്ധന ഡിമാൻഡ് കുറഞ്ഞതിനാൽ പെട്രോൾ, ഡീസൽ നികുതിയിലും ഇടിവുണ്ട്. ഭൂമി കൈമാറ്രം നിലച്ചതോടെ ഏഴര ശതമാനത്തോളം വരുന്ന സ്റ്രാമ്പ് ഡ്യൂട്ടിയും കിട്ടുന്നില്ല. അഞ്ചു ശതമാനത്തോളം വരുന്ന എക്സൈസ് ഡ്യൂട്ടിയും ഇല്ല. ലോട്ടറി വകയിൽ 800 കോടി രൂപയെങ്കിലും നഷ്ടമാവും.
സർക്കാരിന് ഇനി ആശ്രയം, ജി.ഡി.പി വായ്പയുടെ മൂന്ന് ശതമാനത്തിന്റെ അടുത്ത ഗഡുവായ 6,000 കോടി രൂപയാണ്. അതേസമയം, സംസ്ഥാനങ്ങളുടെ വായ്പാ പരിധി സംസ്ഥാന ജി.എസ്.ടിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് നാലായി ഉയർത്താൻ എഫ്.ആർ.ബി.എം ആക്‌ടിൽ മാറ്റം വരുത്തുമെന്ന സൂചനകളുണ്ട്. എങ്കിൽ, 8000 കോടി രൂപ കൂടി കേരളത്തിന് അധിക വായ്‌പയെടുക്കാം.
സർക്കാരിന് നികുതി
നഷ്‌ടം ₹4,400 കോടി
ജി.എസ്.ടി - ₹800
ഐ.ജി.എസ്.ടി - ₹750
മദ്യം - ₹800
പെട്രോൾ - ₹700
സ്റ്റാമ്പ് - ₹300
എക്സൈസ് - ₹250
നികുതിയേതരം
(ലോട്ടറി ഉൾപ്പെടെ ) - ₹900
(തുക കോടിയിൽ)