തിരുവനന്തപുരം: യേശുദേവന്റെ മഹാത്യാഗത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ ഒതുക്കിയാണ് ആരാധന നടത്തിയത്.ഓരോ പള്ളിയിലും വൈദികരും ശുശ്രൂഷകരും അടക്കം അഞ്ച് പേരാണ് പങ്കെടുത്തത്. ക്രിസ്തുവിന്റെ കാൽവരിയാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയും നഗരികാണിക്കൽ ചടങ്ങും ഒഴിവാക്കി. അടച്ചിട്ട ദേവാലയങ്ങളിൽ നടന്ന ചടങ്ങുകൾ വിശ്വാസികൾക്ക് വീട്ടിലിരുന്ന് കണ്ട് അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ ഓൺലൈൻ സൗകര്യം ഒരുക്കിയിരുന്നു. തത്സമയം, വീടുകളിലെ തിരുരൂപത്തിനു മുന്നിൽ പ്രാർത്ഥിച്ച് പങ്കാളികളായി.
പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽ രാവിലെ 9ന് ആരംഭിച്ച ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകി. ലോകമാകെ അസ്വസ്ഥതയിൽ കഴിയുന്ന ഈ കാലത്തിൽ ഹൃദയത്തിൽ വേദനയോടെ ദൈവത്തിന്റെ മുന്നിലേക്ക് നമുക്ക് തിരിയാമെന്ന് അദ്ദേഹം പറഞ്ഞു.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വൈകിട്ട് മൂന്നിന് ആരംഭിച്ച പ്രാർത്ഥനകൾക്ക് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം നേതൃത്വം നൽകി. ഫാ. നിക്കോളാസ് ടി സഹകാർമ്മികത്വം വഹിച്ചു.
പി.എം.ജി ലൂർദ്ദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് മാർ തോമസ് തറയിൽ നേതൃത്വം നൽകി.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിൽ ഫാ. ജോസഫ് ബാസ്റ്റിൻ മുഖ്യകാർമ്മികനായി.
കേശവദാസപുരം മാർ ഗീവർഗീസ് സഹദ സീറോ മലബാർ ദേവാലയം, പാളയം സമാധാനരാജ്ഞി ബസിലിക്ക, പാളയം സി.എസ്.ഐ കത്തീഡ്രൽ, പുന്നൻറോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി, പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ദേവാലയം എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളോടെ ദുഃഖവെള്ളിയാചരണം നടന്നു.
ഇന്ന് രാത്രി 11 മണിയോടെ ലാറ്റിൻ പള്ളികളിൽ ഉയിർപ്പിന്റെ ചടങ്ങുകൾ ആരംഭിക്കും.