amazon

സാവോപോളോ: ആമസോണിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തു. ബ്രസീൽ - വെനസ്വേല അതിർത്തിയിലെ യനോമാമി ഗോത്രവിഭാഗത്തിലെ 15 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമാണ്. ബ്രസീലിലെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ റോറൈമയിലെ ഒരു ജനറൽ ആശുപത്രിയിലെ ഐ.സി.യുവിലാണ് കുട്ടിയിപ്പോൾ. കഴിഞ്ഞ മൂന്നിനാണ് കുട്ടിയ്ക്ക് ശ്വാസംമുട്ടുൾപ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ബ്രസീലിലെ ഏറ്റവും വലിയ ആദിമ ഗോത്രവിഭാഗമാണ് യനോമാമി.

വെനസ്വേലൻ അതിർത്തിയോട് ചേർന്ന് ആമസോണിയൻ വനാന്തരങ്ങളിൽ 2.3 ദശലക്ഷം ഏക്കറിലായി 200 ഓളം ഗ്രാമങ്ങളിലാണ് ഇവർ ജീവിക്കുന്നത്. രോഗം സ്ഥിരീകരിച്ചിരിക്കുന്ന കുട്ടിയുടെ പരിശോധനാ ഫലം ആദ്യം നെഗറ്റീവായിരുന്നു. രണ്ടാമത് വീണ്ടും പരിശോധിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. യനോമാമി വിഭാഗം ഒറ്റപ്പെട്ട് ജീവിക്കുന്നവരാണെങ്കിലും രോഗം ബാധിച്ച കുട്ടി കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തന്റെ സ്‌കൂൾ അടച്ചതോടെയാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. പാരാ, ആമസോണസ്, റോറൈമ എന്നീ സംസ്ഥാനങ്ങളിലായി ഇതിനകം ഏഴ് ഗോത്രവർഗക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴി‌ഞ്ഞു. ഇതോടെ രാജ്യത്തെ ആദിമ ഗോത്രവിഭാഗക്കാരിലും ഭീതിയുടെ നിഴൽ വീണു.

ഭൂമിയുടെ ശ്വാസകോശമായ ആമസോൺ വനാന്തരങ്ങളുടെ കാവൽക്കാരാണ് ഈ ഗോത്രവർഗങ്ങൾ. പ്രായം കൂടിയ ഗോത്ര അംഗങ്ങൾക്ക് കൊവിഡ് വൈറസിനെ അതിജീവിക്കാൻ പ്രയാസമാകുമെന്ന് ആരോഗ്യ വിദ‌ഗ്ദ്ധർ ആശങ്കപ്പെടുന്നു. രോഗവ്യാപനം തടയാൻ ചില ഗോത്രവിഭാഗങ്ങൾ കാട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. രോഗം വ്യാപിച്ചാൽ ബ്രസീലിലെ ആദിമ വിഭാഗങ്ങളെല്ലാം തുടച്ചു നീക്കപ്പെട്ടേക്കാം.

മുമ്പ് 1960 കളിൽ മീസിൽസ് പോലുള്ള പകർച്ചവ്യാധികൾ യനോമാമി വിഭാഗത്തിലെ ഒമ്പത് ശതമാനം അംഗങ്ങളെയും തുടച്ചു നീക്കിയിരുന്നു. പ്രതിരോധ ശേഷിയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന ഇവർക്ക് ആവശ്യത്തിന് ചികിത്സാ മാർഗങ്ങളും ലഭ്യമല്ല. നിലവിൽ 18,176 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 957 പേർ മരിച്ചു. 173 പേർക്ക് മാത്രമാണ് രോഗം ഭേദമായത്.