കോവളം: അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പച്ചക്കറി വാങ്ങി നൽകുന്നതിന് ചാല മാർക്കറ്റിലേക്ക് പോയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. തിരുവല്ലം ശാന്തിപുരം ബ്രാഞ്ച് സെക്രട്ടറി വണ്ടിത്തടം കോവിൽവിള വീട്ടിൽ മോഹനൻ (60) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5 ഓടെയായിരുന്നു സംഭവം. നഗരസഭയിലെ മുൻ താത്കാലിക ജീവനക്കാരനായ മോഹനനെ രണ്ട് ദിവസം മുമ്പ് വീട്ടിൽ വളർത്തുനായ കടിച്ചിരുന്നു. ഇതേ തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നാം ദിവസത്തെ വാക്സിൻ എടുക്കുന്നതിനും പച്ചക്കറി വാങ്ങുന്നതിനും വേണ്ടിയാണ് സ്‌കൂട്ടറിൽ തിരുവല്ലം പഴയപാലം വഴി നഗരത്തിലേക്ക് പോയത്. എതിർദിശയിൽ നിന്ന് വൺവേ തെറ്റിച്ച് അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ മോഹനനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് നിന്ന് തേങ്ങയുമായി നഗരത്തിലേക്ക് വന്നതാണ് പിക്കപ്പ് വാൻ. ഇടിയേറ്റ് റോഡിൽ തെറിച്ച് വീണ മോഹനന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഉടൻ മെഡിക്കൽ കേളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മഹേശ്വരിയാണ് മോഹനന്റെ ഭാര്യ. മക്കൾ:മഹേഷ് മോഹൻ,മനില മോഹൻ.