തിരുവനന്തപുരം:സർവകലാശാലാ പരീക്ഷകളും പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനപരീക്ഷയും ഓൺലൈനായി നടത്തില്ല. ഇതിനുള്ള വിപുലമായ സൗകര്യം സംസ്ഥാനത്തില്ല. അതേസമയം, കോളേജുകളിലും പോളിടെക്നിക്കുകളിലും അടുത്തയാഴ്ച ഓൺലൈൻ ക്ളാസുകൾ തുടങ്ങും.
ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് മാറ്റിവച്ചിരിക്കുകയാണ്. ഇവ ഓൺലൈനിൽ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ
പല ബാച്ചുകളായി നടത്താൻ വ്യത്യസ്ത ചോദ്യപേപ്പറുകൾ വേണ്ടിവരും. മൂല്യനിർണയമടക്കം സങ്കീർണമാകും. മാത്രമല്ല,
മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ദുബായിൽ ഓൺലൈൻ പരീക്ഷയ്ക്കുള്ള സാധ്യത ആരായുന്നുണ്ട്. അവിടെ മുന്നൂറിലേറെ അപേക്ഷകരുണ്ട്.
സർവകലാശാല പരീക്ഷകൾ
പലതും പലഘട്ടത്തിൽ
കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ അവസാന സെമസ്റ്റർ ബിരുദപരീക്ഷകൾ പൂർത്തിയാക്കി മൂല്യനിർണയം ആരംഭിച്ചപ്പോഴാണ് ലോക്ക് ഡൗണായത്. എം.ജിയിൽ അവസാന സെമസ്റ്ററിൽ മൂന്ന് പേപ്പറുകൾ മാത്രമാണ് ബാക്കി. കേരളയിൽ പരീക്ഷ തുടങ്ങാനായിട്ടില്ല. ലോക്ക് ഡൗൺ കഴിഞ്ഞാൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളൊഴിവാക്കി, ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അദ്ധ്യാപകർക്ക് അനുമതി നൽകും.
ഓൺലൈൻ ക്ളാസുകൾ
എല്ലാ സർവകലാശാലകളിലും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും പോളിടെക്നിക്കുകളിലും അടുത്തയാഴ്ച ഓൺലൈൻ ക്ലാസ് ആരംഭിക്കും. അസാപ്പിന്റെ ഓൺലൈൻ സംവിധാനമുപയോഗിച്ച് അദ്ധ്യാപകരുടെ ക്ലാസുകൾ ലൈവായി നൽകും. അതു സാധ്യമല്ലാത്തവർക്ക് ഈ ക്ലാസുകൾ റെക്കാഡ് ചെയ്ത് യുട്യൂബിലൂടെ നൽകും. പരീക്ഷയ്ക്ക് ശേഷിക്കുന്ന പാഠഭാഗങ്ങൾ ഇങ്ങനെ തീർക്കാനാവും. പരീക്ഷയ്ക്ക് 75ശതമാനം ഹാജർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കും.
4 കടമ്പകൾ
1)ബിരുദ പരീക്ഷകൾ വിവരണാത്മക രൂപത്തിലുള്ളതാണ് (ഡിസ്ക്രിപ്‌റ്റീവ്). ഓൺലൈൻ പരീക്ഷ എളുപ്പമല്ല.
2)ഉത്തരപേപ്പറുകൾ സ്കാൻചെയ്ത് അദ്ധ്യാപകർക്കയച്ച് മൂല്യനിർണയം എളുപ്പമല്ല. ഇതു നടപ്പാക്കിയ സാങ്കേതിക സർവകലാശാല രഹസ്യസ്വഭാവമില്ലാതായതോടെ ഉപേക്ഷിച്ചു.
3)ദുബായിലും മുംബെെയിലും ഓൺലൈൻപരീക്ഷ സ്കൂളുകളിൽ ബാച്ചുകളായി നടത്തണം. സമൂഹവ്യാപനം സംശയിക്കുന്ന സ്ഥലങ്ങളിൽ ഇത് വെല്ലുവിളിയാണ്.
4)എൻജിനിയറിംഗ് എൻട്രൻസിന് 89167പേരും ഫാർമസിക്ക് 63534പേരും അപേക്ഷിച്ചിട്ടുണ്ട്. ബാച്ചുകളായി പരീക്ഷ നടത്താൻ ദിവസങ്ങളെടുക്കും. പല ചോദ്യപേപ്പറുകൾ വേണ്ടിവരും.
എൻട്രൻസ് പരീക്ഷയ്ക്കുള്ള വിവിധ സാദ്ധ്യതകൾ പരിശോധിക്കുകയാണ്. പ്ലസ് ടുവിന് വിവിധ ബോർഡുകളിലെ കുട്ടികളുള്ളതിനാൽ പ്രവേശനപരീക്ഷ ഒഴിവാക്കാനാവില്ല. ലോക്ക് ഡൗൺ സ്ഥിതി പരിശോധിച്ച് തീരുമാനിക്കും.
കെ.ടി.ജലീൽ
ഉന്നതവിദ്യാഭ്യാസമന്ത്രി