chennithala

തിരുവനന്തപുരം : കൊവിഡിന്റെ മറവിൽ വ്യക്തിഗതവിവരങ്ങൾ സർക്കാർ മറിച്ചുവിൽക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന്റെ വെബ്സൈറ്റിലേക്കാണ് വിവരങ്ങൾ നൽകുന്നത്. പ്രൊട്ടക്ടറ്റഡ് ഹെൽത്ത് ഇൻഫർമേഷനായി കണക്കാക്കാവുന്ന അതീവരഹസ്യമായ വിവരങ്ങളാണ് സർക്കാർ കൈമാറുന്നത്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് അപ്‌‍ലോഡ് ചെയ്യുന്നത്. ഇവ ദുരുപയോഗം ചെയ്യില്ലെന്ന് യാതൊരുറപ്പുമില്ല. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ രൂപീകരിച്ച വാർഡുതല കമ്മിറ്റികളാണ് വിവരങ്ങൾ ശേഖരിക്കുന്നത്. എന്നിട്ട് അവർ സ്പിംഗ്‌ളറിന്റെ വെബ്സൈറ്റിലേക്ക് നേരിട്ട് ഡാറ്റ എന്റർ ചെയ്യുകയാണ്. അതാണ് ഗുരുതരമായ കാര്യം. സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്ന ഡാറ്റ സംസ്ഥാന സർക്കാരിന്റെ സെർവറിലേക്കല്ല അപ്‌ലോഡ് ചെയ്യുന്നത്. അതീവ ഗൗരവമുള്ള ഈ ജോലി സ്പ്രിംഗ്‌ളറിനെ ഏൽപ്പിച്ച കരാറിന്റെ മാനദണ്ഡവും വിശദാംശങ്ങളും സർക്കാർ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിച്ച് കമ്പനി മാർക്കറ്റിംഗ് നടത്തുകയാണ്. കമ്പനിയുടെ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരൻ അഭിനയിച്ചതും സംശയത്തിനിടയാക്കുന്നതായി ചെന്നിത്തല പറഞ്ഞു.