തിരുവനന്തപുരം : കൊവിഡ് 19 വ്യാപന സാദ്ധ്യത മുന്നിൽ കണ്ട് നഗരസഭ ആവിഷ്കരിച്ച പദ്ധതികൾ നഗരവാസികൾക്ക് ആശ്വാസമാകുമ്പോൾ പ്രശംസയർഹിക്കുന്നത് മേയർ കെ.ശ്രീകുമാറിന്റെ ദീർഘവീക്ഷണവും ചടുലതയാർന്ന പ്രവർത്തനവും.
സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ ദുരന്തം ലഘൂകരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് നഗരസഭ നടത്തിയത്. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കിയതോടെയാണ് നഗരസഭയിലെ കൊവിഡ് പ്രതിരോധത്തിന് തുടക്കമായത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കും കാൾ സെന്ററും തുടങ്ങിയതോടെ ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള സൗകര്യമൊരുങ്ങി.
കിടത്തിചികിത്സാ സൗകര്യമുള്ള പി.എച്ച്.സി,സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ 10 ശതമാനം വാർഡുകൾ ഐസൊലേഷനുകളാക്കി മാറ്റി. രോഗവ്യാപനം തടയാൻ കൈകഴുകൽ കേന്ദ്രങ്ങളായി സെക്രട്ടേറിയറ്റിന് മുൻവശം, തമ്പാനൂർ ബസ് സ്റ്റേഷൻ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളിൽ തയ്യാറാക്കി. 100 വാർഡിലും മൂന്ന് വീതം മുന്നൂറ് ഇടങ്ങളിൽ കൈകഴുകൽ സംവിധാനം ഒരുക്കിയത് രോഗവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലാതാക്കി. മാസ്ക്, കൈയുറ എന്നിവ സംസ്‌കരിക്കുന്നതിനുള്ള സംവിധാനവുമൊരുക്കി. ജനതാ കർഫ്യൂവും പിന്നാലെ ലോക്ക് ഡൗണും വന്നതോടെ നഗരസഭയിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാകാത്തവിധം പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചു.
മറ്റ് പ്രധാന പ്രവർത്തനങ്ങൾ
നഗരസഭയുടെ 2 തുണിസഞ്ചി യൂണിറ്റുകൾ മാസ്‌ക് നിർമ്മാണ യൂണിറ്റുകളാക്കി
ജയിൽ വകുപ്പിന്റെ സഹായത്തോടെ ആദ്യഘട്ടത്തിൽ 2300 ബോട്ടിൽ സാനിറ്റൈസറും രണ്ടാം ഘട്ടത്തിൽ 5000 ബോട്ടിൽ സാനിറ്റൈസറും നിർമ്മിച്ച് വിതരണം ചെയ്തു
ഹോം ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ
ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
കൃത്യമായ ഇടവേളകളിൽ അണുനശീകരണം
അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തുന്നുണ്ടോ എന്ന് മേയറുടെ നേരിട്ടുള്ള പരിശോധന
മാസ് ക്ളീനിംഗ് കാമ്പെയിനിൽ 78 കേന്ദ്രങ്ങളിൽ നിന്നും 68 ടൺ മാലിന്യം നീക്കം ചെയ്തു
കർഷകരുടെ കൈയിൽ നിന്നു കാർഷികോത്പന്നങ്ങൾ വാങ്ങി കമ്മ്യൂണിറ്റി കിച്ചണിലേക്ക്
9,558 അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യവും മൂന്ന് നേരം ഭക്ഷണവും ഒരുക്കി
അലഞ്ഞുതിരിഞ്ഞു നടന്ന 222 യാചകർക്ക് ഭക്ഷണവും താമസസൗകര്യവും
നഗരസഭയിൽ ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്നു 25 രൂപയ്ക്ക് ഊണ് പാഴ്‌സലായി വീട്ടിലെത്തിക്കുന്നു
ജനകീയ ഹോട്ടൽ 10 എണ്ണം കൂടി ആരംഭിക്കാൻ പദ്ധതി
25 സർക്കിളുകളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ 65,000 പേർക്ക് മൂന്ന് നേരവും ഭക്ഷണം
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദിവസവും ഉദ്യോഗതല- രാഷ്ട്രീയ നേതാക്കളുടെ യോഗം