തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ ഉടമകൾക്ക് തിരികെ നൽകും. വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രമീടാക്കുന്നതിനെ കുറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹറ നിയമോപദേശം തേടി. വിലക്ക് ലംഘിച്ചതിന് 27,300ലധികം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത്.
പകർച്ചവ്യാധി നിയന്ത്റണ ഓർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ കൂടിയതോടെയാണ് പിഴ ഈടാക്കി വാഹനം വിട്ടുനൽകുന്ന കാര്യം പൊലീസ് ആലോചിക്കുന്നത്. 10000 രൂപ വരെ പരമാവധി പിഴ ഈടാക്കാം. എന്നാൽ, ഇതിന് ചില നിയമതടസങ്ങൾ പൊലീസിന് മുന്നിലുണ്ട്. വാഹനങ്ങൾ കോടതിയിൽ നൽകി പിഴയടക്കണമെന്നാണ് ഓർഡിനൻസിലുള്ളത്. ഇത് എങ്ങനെ മറികടക്കുമെന്നാണ് ഡി.ജി.പി നിയമോപദേശം തേടിയിരിക്കുന്നത്.
ഓരോ ജില്ലകളിലും പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ തീരുമാനിക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും എന്നാണ് വിവരം. പിഴയീടാക്കി വിട്ടയയ്ക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങാൻ പാടില്ല. ഈ വാഹനം വീണ്ടും പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.