തിരുവനന്തപുരം : വലിയതുറ സിവിൽ സപ്ലൈസ് ഗോഡൗണിൽ കൂലിത്തർക്കത്തെ തുടർന്ന് ലോഡിറക്കൽ മണിക്കൂറുകളോളം വൈകി. ഇന്നലെ ഉച്ചയോടെ ഗോഡൗണിൽ എത്തിച്ച സാധനങ്ങൾ നാഫെഡിൽ നിന്നു നേരിട്ട് ഇറക്കിയതായതിനാൽ അട്ടിക്കൂലി നൽകാനാവില്ലെന്ന് അധികൃതർ അറിയിച്ചതാണ് പ്രശ്നത്തിന് കാരണമായത്. എന്നാൽ ചാക്കിന് 10 രൂപ അട്ടിക്കൂലി വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുന്നതിന് തൊഴിലാളികളും സിവിൽ സപ്ലൈസ് കോർപറേഷനും തമ്മിലുള്ള നിലവിലെ കരാറിൽ നിന്ന് സപ്ലൈകോ അധികൃതർ പിന്മാറിയതാണ് തർക്കത്തിന് കാരണമായതെന്ന് തൊഴിലാളികൾ ആരോപിച്ചു. ലോഡിറക്കൽ നീണ്ടതിനെ തുടർന്ന് വിഷയം സപ്ലൈകോ എം.ഡിയുടെ ശ്രദ്ധയിൽ പെടുത്തുകയും കൊവിഡ് പ്രതിസന്ധി കഴിയുന്ന മുറയ്ക്ക് മേയ് 15നുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് എം.ഡി അറിയിക്കുകയും ചെയ്തു. ജില്ലാ ലേബർ ഓഫീസർ (ജനറൽ) ബി.എസ്.രാജീവ്, തഹസിൽദാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജാ ജി.എസ്.റാണി, സപ്ലൈകോ ഡിപ്പോ മാനേജർ സിന്ധു, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് വി.ആർ.പ്രതാപൻ, ഹാജാ നസിമുദ്ദീൻ (ഐ.എൻ.ടി.യു.സി), ഷംനാദ് (സി.ഐ.ടി.യു), നിസാർ (എസ്.ഡി.ടി.യു) എന്നിവർ നടത്തിയ ചർച്ചയിലാണ് തർക്കം അവസാനിച്ചത്.