കോവളം: വലതു കണ്ണിന് കാൻസർ ബാധിച്ച രണ്ട് വയസുകാരന് എം.എൽ.എയുടെ സഹായത്താൽ ചികിത്സയ്ക്ക് വഴിയൊരുക്കി. വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം കോളനിയിലെ ആന്റണി-സൂസൻ ദമ്പതികളുടെ മകൻ ആദിലിന്റെ കീമോതെറാപ്പി ചികിത്സയാണ് എം.വിൻസെന്റ് എം.എൽ.എയുടെ ശ്രമഫലമായി യാഥാർത്ഥ്യമായത്. ജില്ലാ കളക്ടർ ഗോപാലകൃഷ്ണനെ വിവരമറിയിച്ചതോടെ അടിയന്തര ഇടപെടൽ നടത്തിയ കളക്ടർ കുട്ടിയെ മധുരയിലെത്തിക്കാൻ ആംബുലൻസ് ഏർപ്പാടാക്കി. ഏതാനും നാളുകളായി തിരുവനന്തപുരത്തെ കണ്ണാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടിക്ക് ഉടൻ തന്നെ കീമോ ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർദ്ധന കുടുംബത്തിന് മധുരയിൽ എത്താൻ വഴിയില്ലാതായതും ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടും തടസമായി. തുടർന്നാണ് ഇക്കാര്യം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടത്. തിരുവനന്തപുരം കണ്ണാശുപത്രിയിലെ ഡോ.സുനിൽകുമാർ മധുരയിലെ അരവിന്ദ് ആശുപത്രിയിലെ ഡയറക്ടർ ഡോ.രവീന്ദ്രനുമായി ഫോണിൽ ബന്ധപ്പെടുകയും കുട്ടിയെ എത്തിച്ചാൽ ഉടൻ തന്നെ ചികിത്സ നൽകാമെന്ന് സമ്മതിച്ച കാര്യം എം.എൽ.എയുമായി ഡോക്ടർ പങ്കുവച്ചു. ഇതോടെയാണ് എം.എൽ.എ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടത്. തുടന്ന് ചികിത്സയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ആംബുലൻസ് എത്തി കുട്ടിയെയും കൊണ്ട് മധുരയിലേക്ക് തിരിച്ചു.