മോസ്കോ: ജീവനക്കാർ മോശമായി പെരുമാറിയെന്നാരോപിച്ച് നടത്തിയ കലഹത്തെ തുടർന്ന് തടവുകാർ ജയിലിന് തീയിട്ടു. റഷ്യയിലെ സൈബീരിയയ്ക്കടുത്താണ് സംഭവം. അൻകാർസ്‌കിലെ ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ജയിലിന്റെ മൂന്നിലൊരു ഭാഗത്ത് തീ പടർന്നതായാണ് റിപ്പോർട്ട്. കലാപത്തിലും തീപിടിത്തത്തിലും മരണം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും എത്ര പേർക്ക് ആപത്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. തടവുകാരുടെ ആക്രമണത്തിനിരയായ ചില ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഒരു തടവുകാരനെ ജീവനക്കാരൻ മർദ്ദിച്ചതാണ് കലാപത്തിന് കാരണമായതെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ജീവനക്കാർ മർദ്ദിച്ച് അവശനാക്കിയ തടവുകാരന്റെ വീഡിയോ ഇവർ പുറത്തുവിട്ടു. ജയിലിൽ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. ജയിലിൽ പ്രവർത്തിച്ച തടി ഫാക്‌ടറി ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങൾ കത്തി നശിച്ചു. 1,200 തടവുകാരുള്ള ജയിൽ മോസ്കോയിൽ നിന്നും 4,000 കിലോമീറ്റർ അകലെയാണ്.