വക്കം:കോവിഡ് ആശങ്കയിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചു. മലയാളികൾ ഉൾപ്പെടെ വിദേശ ഇന്ത്യക്കാരുടെ മരണം ഏറിവരുന്നതിൽ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്. ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് പടരുന്നത് സർക്കാർ അതീവ ഗൗരവത്തോടെ കാണണം. ലേബർ ക്യാമ്പുകളിലും മറ്റും വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന അവിദഗ്ദ്ധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരിൽ ഏറെയും. വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം. മോൾഡോവയിലും കരീബിയൻ ഐലന്റിലും നൂറു കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത് നേരത്തെ തന്നെ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിസാ കാലാവധി തീരുന്നതിലും അടിയന്തര ഇടപെടൽ വേണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.