തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തിയാക്കി മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ച തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം തിരിച്ചറിഞ്ഞെങ്കിലും ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.

നിലവിലെ മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സ ആരംഭിച്ചതോടെ മറ്റു രോഗങ്ങൾക്ക് ചികിത്സ സ്വീകരിക്കാൻ രോഗികൾ ഭയാശങ്കയിലാണ്. ക്യാൻസർ ശസ്ത്രക്രിയ, സ്‌പെഷ്യാലിറ്റി കെയർ എന്നിവ പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല, ഹൈടെക് ശസ്ത്രക്രിയാ സംവിധാനം ഉപയോഗിക്കാനും കഴിയുന്നില്ല. തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളേജ് ആരംഭിച്ചിരുന്നെങ്കിൽ അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും, നിലവിലെ മെഡി. കോളേജിനെ സെന്റർ ഓഫ് എക്സലൻസാക്കി മാറ്റാനും കഴിയുമായിരുന്നു.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മൂന്നും നാലും സർക്കാർ മെഡിക്കൽ കോളേജുകൾ നിലവിലുണ്ട്. തലസ്ഥാന നഗര ജനസംഖ്യ അഞ്ചു ലക്ഷത്തിൽ താഴെ ആയിരുന്നപ്പോഴാണ് 1952ൽ തിരുവനന്തപുരം മെഡി. കോളേജ് ആരംഭിച്ചത്. അതിന്റെ നാലിരട്ടി ജനസംഖ്യ നഗരത്തിൽ ഇപ്പോഴുണ്ട്. ജില്ലയുടെ ജനസംഖ്യ 35 ലക്ഷത്തിലധികമായും വർധിച്ചു. ഇതുൾപ്പെടെ കണക്കിലെടുത്താണ് കഴിഞ്ഞ സർക്കാർ പുതിയ മെഡിക്കൽ കോളേജിനായി പ്രവർത്തനമാരംഭിച്ചത്. ഒന്നരവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം 2016 ഫെബ്രുവരി 25ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.

2016 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ ലെറ്റർ ഒഫ് പെർമിഷൻ ലഭിച്ചെങ്കിലും ഈ സർക്കാർ അധികാരത്തിലെത്തി ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന്, പുതിയ മെഡിക്കൽ കോളേജ് വേണ്ടെന്നതായിരുന്നു. കാസർകോട് മെഡിക്കൽ കോളേജിന്റെ കാര്യത്തിലെന്ന പോലെ അനാസ്ഥ കാണിച്ച് വലിയ വിപത്ത് വിലകൊടുത്തു വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു.