കല്ലമ്പലം:കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ. നാവായിക്കുളം പഞ്ചായത്തിലെ ഏഴാം വാർഡായ വെള്ളൂർക്കോണം പ്രദേശത്തെ യുവാക്കളാണ് പച്ചക്കറി കിറ്റുകളും ജീവൻ രക്ഷാ മരുന്നുകളും പലചരക്ക് സാധനങ്ങളും പൊതിച്ചോറുകളും മറ്റുമായി സജീവമായി രംഗത്തുള്ളത്. നാട്ടിലെ എന്താവശ്യങ്ങൾക്കും ഓടിയെത്തുന്ന ഇവർക്ക് സ്ഥലം എം.എൽ.എ അഡ്വ.വി. ജോയിയുടെയും പ്രദേശവാസികളുടെയും പ്രവാസികളായ സഹോദരങ്ങളുടെയും സഹായവും പിൻതുണയും ലഭിക്കുന്നുണ്ട്. നാട്ടുകാരായ ജലാൽ, വിജിൻ അൻസാരി, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം.