പാലോട്: ലോക്ക് ഡൗൺ കാലം പാലോട് ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ ഇപ്പോൾ ആഹ്ലാദത്തിലാണ്. ഒരാഴ്ചയിൽ 5 ആത്മഹത്യകളെങ്കിലും റിപ്പോർട്ട് ചെയ്തിരുന്ന ആദിവാസി മേഖലകളിൽ അങ്ങനെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. വ്യാജവാറ്റിന് പേര് കേട്ടിരുന്ന ആദിവാസി മേഖലകളിലും അല്ലാതെയുള്ള കോളനികളിലും ഇപ്പോൾ വ്യാജ വാറ്റ് ഇല്ല. അമിതമായി മദ്യം ഉപയോഗിച്ചിരുന്നവർ പോലും മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച രണ്ടാഴ്ചയോളം ചില പ്രശ്നങ്ങൾ ഉണ്ടായതൊഴിച്ചാൽ ഇതുവരെയും കേസുകൾ ഒന്നും ചാർജ്ജു ചെയ്യേണ്ടി വരുന്നില്ല. വ്യാജമദ്യം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ മാത്രമാണ് ഇതുവരെ ചാർജ്ജ് ചെയ്തിട്ടുള്ളത്. പൊലീസിന്റെ നേതൃത്ത്വത്തിൽ നടന്ന ബോധവത്കരണ പ്രവർത്തനങ്ങൾ ഫലം കണ്ട സൂചനയാണ് ഇപ്പോൾ ഉള്ളത്. പൊലീസും റസിഡൻഷ്യൽ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ഒരുമിച്ചുള്ള പ്രവർത്തനത്താൽ ഒരു നാട് നൻമയിലേക്ക് കടക്കുന്ന സാഹചര്യത്തിലെത്തിക്കാൽ കഴിഞ്ഞിട്ടുണ്ട്. പാലോട് സി.ഐ സി.കെ മനോജും.എസ്.ഐ. സതീഷ് കുമാറും ജനങ്ങളുടെ സഹായത്തിനുണ്ട്.

 സഹയവുമായി ഇവരുണ്ട്

പാലോട് പൊലീസിന്റെ നേതൃത്ത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും കൗൺസിലിംഗ് ക്ലാസ്സുകളും ഇപ്പോഴും നടക്കുന്നുണ്ട്. അവശ്യമേഖലകളിൽ ഭക്ഷണവും മരുന്നും മറ്റത്യാവശ്യ സേവനങ്ങൾ എത്തിക്കാനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും അവശ്യമേഖലകളിൽ മാനസികമായി പ്രശ്നങ്ങൾ ഉള്ളവർക്ക് കൗൺസിലിംഗ് സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പ്,എക്സൈസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ ആദിവാസി മേഖലകളിലെ വീടുകളിലെത്തിയുള്ള ബോധവത്കരണ പരിപാടികളാണ് ഇപ്പോൾ നടന്നുവരുന്നത്. മരുന്നുകൾ ആവശ്യമായ രോഗികൾക്കും പാലോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.