vanika

കാട്ടാക്കട: ലോക്ക്ഡൗൺ കാലത്ത് ആദിവാസികൾക്ക് താങ്ങായി വനിക. ആദിവാസികളുടെ കാർഷിക വന വിഭവങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വനം വകുപ്പിന്റെ നേതൃത്വത്തിലാണ് വനികയുടെ പ്രവർത്തനം. ആദിവാസി ഊരുകളിൽ നിന്നും വന -വനേതര വിഭവങ്ങൾ നേരിട്ട് ശേഖരിച്ച് ഓൺ ലൈൻവഴി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ച് നൽകുന്നതാണ് വനിക എന്ന സംരംഭംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. അഗസ്ത്യാർ വനം - കോട്ടൂർ ഫോറസ്റ്റ് റെയിഞ്ചുകലിളെ യുവാക്കളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വനവിഭവങ്ങളുടെ വിപണി ആരംഭിച്ചത്.

വനികയുടെ വാർട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ കാർഷിക ഉത്പന്നങ്ങൾ വാങ്ങാൻ വൻതിരക്കായി.

അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, നെയ്യാർ, പേപ്പാറ റെയിഞ്ച്‌കളിലെ ആദിവാസി ഊരുകളിൽ നിന്നാണ് ചെറുകിട വനവിഭവങ്ങളും മറ്റ് കാർഷിക വിഭവങ്ങളും ശേഖരിക്കുന്നത്. ഫോറസ്റ്റ് വകുപ്പിന് കീഴിൽ കാപ്പ്കാട് ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി(ഇ.ഡി.സി) അംഗങ്ങൾ നിർമ്മിക്കുന്ന അച്ചാറുകളും മാസ്കുകളും വനമേഖലയിലെ 138 കുടുംബങ്ങൾക്ക് ദുരിതകാലം തീരുന്നതുവരെ സൗജന്യമായി നൽകും.

വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച് ഡെപ്യൂട്ടി വാർഡൻ എൻ.വി. സതീശൻ, സെക്ഷൻ ഓഫീസർ സി.കെ. സിനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമ്മാരായ ഗോപിക, പ്രശാന്ത്, സുരേന്ദ്രൻ, വാച്ചർ രാമചന്ദ്രൻ കാണി എന്നിവരുടെ നേതൃത്വത്തിലാണ് വനികയുടെ പ്രവർത്തനം.

ആദിവാസി ഊരുകളിലുള്ളവർക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാണമെങ്കിലും വന വിഭവങ്ങൾ വിറ്റാലെ പണം കണ്ടെത്താൻ കഴിയുകയുള്ളു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യപിച്ചതോടെ ആദിവാസി ഊരുകളിലെ വന- വനേതര ഉത്പന്നങ്ങൾ വിപണനം നടത്താൻ കഴിയാതെയായി. ദിനം പ്രതി വനത്തിനുള്ളിൽ എത്തുന്ന ഉദ്യോഗസ്ഥർ ഇവരുടെ ദുരിതം മനസിലായതോടെയാണ് വന വിഭവങ്ങൾ വില്പന നടത്താൻ പുതിയ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. അതിന് വനിക എന്ന പേരും നൽകി. വനികയുടെ പ്രവർത്തനം കാര്യക്ഷമമായതോടെ വന വിഭവങ്ങൾ വിറ്റ് ഉദ്യോഗസ്ഥർ നല്ല വരുമാനമാണ് ആദിവാസികൾക്ക് ലഭ്യമാക്കിയത്.

വനിക ആദിവാസി ജൈവ വിപണിക്ക് ലഭിച്ച വൻപിച്ച സ്വീകാര്യതയിൽ നിന്നും ആവേശമുൾക്കൊണ്ട് ആദിവാസി യുവാക്കളുടെ കൂട്ടയ്മകൾ സാമൂഹ്യ ജൈവ കൃഷിയിലേക്ക് മടങ്ങാനും ശ്രമം തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി കെ. രാജു നിർവഹിച്ചു. ഇവർക്കാവശ്യമായ വിത്തും ധനസഹായവും ഫോറസ്റ്റ് അധികൃതർ നൽകി. തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലെ കോട്ടൂർ സെക്ഷന് കീഴിലെ സെറ്റിൽമെന്റുകളായ കൈതോട്, മാങ്കോട് എന്നിവിടങ്ങളിൽ നിലമൊരുക്കി സുഭല, സുജല എന്നീ പേരുകളിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പരമ്പരാഗതമായ രീതിയിൽ കൂട്ടുകൃഷി ചെയ്യാനൊരുങ്ങുകയാണ് ഇവർ.

ആദിവാസി ഊരുകളിൽ നിന്നും ശേഖരിക്കുന്ന വന വിഭവങ്ങൾക്കായി വിളിക്കാം: മാങ്കോട് ഇ.ഡി.സി സെക്രട്ടറി 8547602958