തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും കുടിവെള്ളം എത്തിക്കാൻ വലയുന്നതിനിടെ ജലഅതോറിട്ടിയുടെ അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റ് തുറക്കണമെന്ന സർക്കാർ നിർദ്ദേശം ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്‌ക്) തള്ളി. പ്ളാന്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് കോടി നൽകണമെന്നും കിഡ്ക് സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ കാനുകളിൽ വെള്ളം നിറച്ച് ജലഅതോറിട്ടി എത്തിക്കുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുപ്പിവെള്ളത്തിന് കടുത്ത ക്ഷാമം ഉണ്ടാകുകയും അടിയന്തരമായി പ്ളാന്റ് തുറക്കാൻ ജലവിഭവ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ പ്ളാന്റ് പ്രവർത്തിപ്പിക്കില്ലെന്നാണ് കിഡ്ക്കിന്റെ നിലപാട്.
ജലഅതോറിട്ടിക്ക് സ്വന്തം നിലയിൽ പ്ളാന്റ് പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും സർക്കാരും മൗനം പാലിക്കുന്നു. പ്രവർത്തനസജ്ജമായ പ്ളാന്റിന് ബി.ഐ.എസ് അംഗീകാരം മാത്രമാണ് ലഭിക്കാനുള്ളത്. ഷിക്കാഗോ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് പ്ളാന്റ് സ്ഥാപിച്ചത്. കമ്പനിക്ക് ഒരുകോടി രൂപ സർക്കാർ നൽകാനുണ്ട്. 50 ലക്ഷം നൽകിയാൽ ബി.ഐ.എസ് അംഗീകാരം വാങ്ങി പ്ളാന്റ് പ്രവർത്തിപ്പിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും സർക്കാർ മുഖംതിരിച്ചു. വിൽപ്പനയ്ക്കല്ലാതെ സൗജന്യമായി കുപ്പിവെള്ളം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാൻ ബി.ഐ.എസ് അംഗീകാരം നിർബന്ധമല്ലെന്ന് വാട്ടർ അതോറിട്ടിയിലെ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.