easter

തിന്മയുടെ മേൽ സത്യം നേടുന്ന വിജയമാണ്, ദൈവത്തിന്റെ വിജയമാണ് ഈസ്റ്റർ.

പ്രത്യാശയുടെ പെരുന്നാളായിട്ടാണ് ഈസ്റ്റർ കരുതപ്പെടുന്നത്. ദൈവം ഇടപെട്ട് പ്രത്യാശ സ്ഥിരീകരിക്കുന്ന പെരുന്നാൾ. സത്യമേവ ജയതെ- സത്യമാണ് ജയിക്കുകയെന്ന സന്ദേശം ഈസ്റ്റർ വ്യക്തമാക്കുന്നു. മനുഷ്യനായി ദൈവം ഇറങ്ങിവന്നത് അവനോടുള്ള കരുതലും, കാരുണ്യവും പ്രകടമാക്കാനാണ്.

കൊവിഡിന്റെ ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഈസ്റ്റർ കടന്നുപോകുന്നത്. സാഹിത്യഭാഷ കടമെടുത്താൽ "പെയ്തു തീരാത്ത ഒരു മഴയുമില്ല. പ്രഭാതം കാണാത്ത ഒരു രാത്രിയുമില്ല" അതിനോട് ഉപമിക്കുമ്പോൾ ഈസ്റ്ററിന്റെ പ്രഭാതം കാണാത്ത ഒരു ദുഃഖവെള്ളിയുമില്ലെന്ന് നിസംശയം പറയാം.

മനുഷ്യജീവിതം പ്രത്യാശയിലാണ് സുരക്ഷിതമായിരിക്കുന്നത്. എല്ലാം കൈവിട്ടുപോയി എന്നു കരുതുന്നവർ ഓർക്കുക, എല്ലാ വാതിലും അടയുമ്പോഴും നമുക്കായി തുറക്കപ്പെട്ടിരിക്കുന്ന വാതിൽ ഉറപ്പായും ഉണ്ട്. ദൈവം തുറന്നുവച്ച ആ വാതിലിന്റെ വെളിച്ചം നമ്മെ മുന്നോട്ടു നയിക്കും. ദുഃഖിച്ചിരിക്കുന്നവർക്ക് പ്രത്യാശ പകരുന്നതാണ് ആ വെളിച്ചം. അസ്വസ്ഥരായ ശിഷ്യർക്ക് നടുവിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നിങ്ങൾക്ക് സമാധാനം എന്നാണ് യേശു ആശംസിച്ചത്.

കൊവിഡിന്റെ കാലത്തും ഈ സമാധാനവും പ്രത്യാശയും നമുക്കേവർക്കും കരുത്തു പകരട്ടെ. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.

മഹാമാരിയുടെ നാളുകളിൽ വീണ്ടും ജീവിക്കാൻ പ്രതീക്ഷ പകരുന്ന ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും പൊതുസേവകർക്കും ഹൃദയം നിറഞ്ഞ നന്ദിയും എന്റെ പ്രാർത്ഥനയും അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ഏവർക്കും ഈസ്റ്റർ ആശംസകൾ.

( മലങ്കര കത്തോലിക്കാസഭയുടെ മേജർ ആർച്ച് ബിഷപ്പാണ്)