disa

തിരുവനന്തപുരം: ആശങ്കപ്പെടുന്നവരെ ആശ്വസിപ്പിച്ചും സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകിയും ചികിത്സ നിർദേശിച്ചും കൊവിഡ് രോഗ പ്രതിരോധത്തിൽ ശ്രദ്ധേയമാവുകയാണ് ദിശ ഹെൽപ്പ് ലൈനിന്റെ പ്രവർത്തനം. ലോകമാകെ മരണഭീതി പരത്തി വ്യാപകമാകുന്ന മഹാമാരിയെ ചെറുക്കാൻ അതിജീവനത്തിന്റെ ആശയങ്ങൾ നേടി കേരളത്തിനകത്തും പുറത്തും നിന്ന് നിത്യേന ആയിരക്കണക്കിന് കോളുകളാണ് ദിശയുടെ 1056 ടോൾഫ്രീ നമ്പരിലേക്ക് പ്രവഹിക്കുന്നത്.

ദിനംപ്രതി ശരാശരി 4000 മുതൽ 5000 ഫോൺ കോളുകളാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ദിശയിലെത്തുന്നത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്ന മലയാളികളുടെ കോളുകളുൾപ്പെടെ കൊവിഡ്‌ കാലത്ത് ദിശയിലേക്ക് ഇതുവരെ എത്തിയത് 70,000 ഫോൺ വിളികളാണ്.ഭക്ഷണവും, താമസ സൗകര്യവും തേടിയും നാട്ടിലേക്ക് മടങ്ങാനുള്ള മാർഗങ്ങൾ ആരാഞ്ഞും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോൺ കോളുകളും ദിശയിലെത്തുന്നുണ്ട്. അന്യഭാഷാ വൈദഗ്ദ്യമുള്ള ജീവനക്കാരുടെ സഹായമുള്ളതിനാൽ അന്യസംസ്ഥാന തൊഴിലാളികൾക്കും അന്യരാജ്യക്കാർക്കും മറുപടിക്കും സംശയനിവാരണത്തിനും പ്രയാസമില്ല. എം.എസ്.ഡബ്ല്യു,​ എം.എ സോഷ്യോളജി വിദ്യാർത്ഥികളായ വോളന്റിയർമാരെയാണ് ഇതിനായി ദിശയിൽ നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആശങ്കകൾക്ക് ദിശയിലെ ഡോക്ടർമാർ മറുപടി നൽകുന്നുണ്ട്.

മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് അതിനായി മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികളുടെ കോളുകളും ദിശയിലേക്ക് എത്തുന്നുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരികെ നാട്ടിൽ എത്താൻ പറ്റുമോയെന്നാണ് ഇവരിൽ പലർക്കും അറിയാനുള്ളത്. ഇത്തരം കോളുകൾ അതാത് ജില്ലാ കൺട്രോൾ റൂമുകളിലേക്ക് കൈമാറാനുള്ള സംവിധാനം ദിശയിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലോർ മാനേജർ അഖിലയുടെ നേതൃത്വത്തിൽ 15 ദിശ കൗൺസിലർമാരും 55 വോളന്റിയർമാരും 12 ആരോഗ്യകേരളം ജീവനക്കാരുമാണ് ദിശയുടെ കോവിഡ്‌ 19 പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്.