നെടുമങ്ങാട് :തനതു വിളകളും വിഭവങ്ങളുമൊരുക്കി വിഷുവിനെ വരവേറ്റിരുന്ന നെടുമങ്ങാടുകാർക്ക് ഇക്കുറി കണിയൊരുക്കാൻ ആലപ്പുഴയുടെ കണിവെള്ളരിയും കണിമത്തനും.കൊവിഡ് 19 പശ്ചാത്തലത്തിൽ വിഷു വിഭവങ്ങൾ കിട്ടാതായതോടെ കൃഷിവകുപ്പ് മുൻകൈ എടുത്താണ് വിഷുച്ചന്ത ഒരുക്കുന്നത്.നാളെ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിമു മുൻവശത്ത് ലോക്ക് ഡൗൺ നിയമാനുസരണമുള്ള അകലം പാലിച്ച് രാവിലെ 7 മുതൽ 11.30 വരെയാണ് വിഷുക്കണി ചന്ത ഒരുക്കുന്നത്.ആലപ്പുഴയിലെ ചെറിയ നാടൻകണിവെള്ളരിയും കണിമത്തനും ഇവിടെ ന്യായവിലയ്ക്ക് വില്പന നടത്തുമെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുവും കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആന്റണി റോസും അറിയിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെയും നെടുമങ്ങാട് നഗരസഭയുടെയും സഹകരണത്തോടെയാണ് വിഷുച്ചന്ത ഒരുക്കുന്നത്.ബ്ലോക്കിന് കീഴിൽ വരുന്ന കൃഷി ഉദ്യോഗസ്ഥർ നേതൃത്വം വഹിക്കും.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു,ബ്ലോക്കിനു കീഴിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ എന്നിവരും കർഷകർക്ക് ഒപ്പം നിരക്കും.