തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ വിദഗ്ദ്ധ ഡോക്ടർമാരേയും ജീവൻരക്ഷാമരുന്നുകളും എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
ഫ്രാൻസ്, ജർമ്മൻ പൗരൻമാരെ ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മടക്കിയയച്ചതുപോലെ
ഗൾഫിലെ പ്രവാസി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനസർവീസിന് കേന്ദ്രസർക്കാർ അനുമതി നൽകണം. സാമൂഹ്യസംഘടനകളുടെ സഹായത്തോടെ ലേബർ ക്യാമ്പുകളിലെ ഇന്ത്യൻ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാൻ എംബസികളുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. മലയാളികളുടെ താമസസൗകര്യത്തിന് പ്രത്യേക സാമ്പത്തികസഹായം നോർക്ക വഴി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രവാസി സംരംഭകർ നൽകിയ ദുരിതാശ്വാസ സംഭാവനകൾ പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനത്തിന് മാത്രം വിനിയോഗിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.