ആറ്റിങ്ങൽ: പട്ടണത്തിൽ വീണ്ടും ചീഞ്ഞ മത്സ്യ വേട്ട. അന്യസംസ്ഥാനങ്ങളിൽ നിന്നു ഫോർമാലിൻ കലർന്ന പഴകിയ മത്സ്യം അതിർത്തികടന്ന് ആറ്റിങ്ങൽ മേഖലയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രി ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും ആറ്റിങ്ങൽ നഗരസഭ ചെയർമാനും ചേർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ലോഡ് പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. രാത്രി 10 മണിയോടെ ആറ്റിങ്ങൽ ആലംകോട് മത്സ്യ മൊത്തക്കച്ചവട മാർക്കറ്റിനു സമീപം അന്യസംസ്ഥാനത്ത് നിന്നു എത്തിയ ലോറിയിൽ നിന്നു മീൻ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നു എന്ന രഹസ്യ വിവരം തഹസിൽദാർക്ക് ലഭിച്ചു. റവന്യു അധികൃതരും നഗരസഭാ ചെയർമാൻ എം. പ്രദീപും ആലംകോട് മാർക്കറ്റിൽ എത്തി പ്രാഥമിക പരിശോധന നടത്തി. ഇതിനിടെ ദേശീയ പാതയിൽ കൂടി വന്ന മത്സ്യ ലോറികളും പരിശോധിക്കാൻ ആരംഭിച്ചു. അമിതവേഗതയിൽ നിറുത്താതെപോയ ഒരു ലോറി മംഗലപുരം പൊലീസ് പിടികൂടി. മറ്റൊരു ലോറി റവന്യൂ അധികൃതർ പിന്തുടർന്ന് പിടിച്ചു. ഫുഡ് സേഫ്റ്റി അധികൃതരും ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തി. രാത്രി ഒരു മണിയോടെയാണ് മത്സ്യത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അധികൃതർ ഉറപ്പാക്കിയത്.തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മത്സ്യത്തിന് ബില്ലോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ആലംകോട് മാർക്കറ്റിൽ കൊണ്ടുവന്നത് ചെമ്മീൻ ആയിരുന്നു. അനുമതിയില്ലാതെ അതിർത്തി കടന്നെത്തി ലോക്ക് ഡൗണിന് വിരുദ്ധമായി അസമയത്ത് ചെറുകിട കച്ചവടക്കാരിലേക്ക് എത്തിക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരേ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.പഴകിയ മത്സ്യം ഓരോ ലോറിയിലും അയ്യായിരം കിലോയ്ക്ക് മേൽ ഉണ്ടായിരുന്നു. പുലർച്ചയോടെ നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ മത്സ്യം നശിപ്പിച്ചു. ലോക്ക് ഡൗൺ നിലവിൽ വന്നശേഷം ആറ്റിങ്ങലിൽ തുടർച്ചയായി പഴകിയ മത്സ്യം പിടികൂടിയ സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി, പഴകിയ മത്സ്യങ്ങളുടെ വരവ് തടയണമെന്ന് കാട്ടി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ കഴിഞ്ഞദിവസം ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു.