meen

വക്കം: ലോക്ക് ഡൗൺ കാലത്ത് വക്കത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങളോട് പൂർണമായും ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ്. നല്ല നാടൻ കായൽ മത്സ്യങ്ങൾ മുന്നിലുള്ളപ്പോൾ എന്തിന് മറുനാടൻ ചീഞ്ഞ മത്സ്യത്തിന്റെ പിറകേ പോകണം എന്ന ചിന്തയാണ് ഇപ്പോൾ ഇവിടത്തുകാർക്ക്. മീനില്ലാതെ ചോറ് കഴിക്കാനാകാത്ത മലയാളിയുടെ അവസ്ഥ അറിയാവുന്ന മറുനാടൻ വ്യാപാരികൾ അഴുകിയതും പുഴുവരിച്ചതുമായ ടൺ കണക്കിന് മത്സ്യം കേരളത്തിലേക്ക് അയച്ച് ചൂഷണം ചെയ്തപ്പോഴാണ് കായൽ മീനുകൾക്ക് ഡിമാൻഡേറിയത്. അഞ്ചുതെങ്ങ് കായലും കുളമുട്ടം കായലും മുക്കാൽ ഭാഗം അതിരുകളായ വക്കം ഗ്രാമപഞ്ചായത്ത് പണ്ടേ കായൽ മത്സ്യങ്ങൾക്ക് പേരുകേട്ടതാണ്. കരിമീനും കൊഞ്ചും ഞണ്ടും, കല്ലുമ്മക്കായ പോലുള്ള രുചികരമായ കായൽ വിഭവങ്ങളും തേടി അന്യ ജില്ലക്കാർ പോലും ഇവിടെയെത്തുമായിരുന്നു. ഏറെ രുചിയാണ് വക്കത്തെ കായൽ മീനുകൾക്ക്. എന്നാൽ മാലിന്യം ഉൾപ്പെടെ പല കാരണങ്ങളാൽ കായൽ നാശോന്മുഖമായതോടെ മീനുകളുടെ ലഭ്യതയും ക്രമേണ കുറഞ്ഞിരുന്നു. മത്സ്യമേഖലയിലെ തൊഴിലും ഏറെ നഷ്ടപ്പെട്ടു. എന്നാൽ ലോക്ക് ഡൗൺ കാലത്ത് വക്കത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണ്ടയും വലയുമായി കായലിലേക്കെത്തിയപ്പോഴാണ് വീണ്ടും വ്യാപകമായി മീനുകൾ കിട്ടി തുടങ്ങിയത്. അതോടെ പണയിൽ കടവിലെ മത്സ്യ കടകളും സജീവമായി. വിവിധ പ്രദേശങ്ങളിൽ നിന്ന് മീനിനായി നിരവധി ആളുകളാണ് ഇപ്പോൾ ഇവിടെയെത്തുന്നത്. പ്രധാനമായും കരിമീനും കണമ്പും കൊഞ്ചുമാണ് വിപണിയിൽ.

കൂട് മത്സ്യകൃഷി വ്യാപകം

തുറസായ ജലാശയങ്ങളിൽ നിയന്ത്രിത ചുറ്റുപാടിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നൽകി വളർത്തുന്ന രീതിയാണിത്. കായൽ മീനുകൾ കുറഞ്ഞതോടെയാണ് കൂട് മത്സ്യകൃഷി വക്കത്ത് വ്യാപകമായത്. സർക്കാരും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ കൃഷിക്ക് ഒന്നേകാൽ ലക്ഷം രൂപ സർക്കാർ സബ്സിഡിയായി ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10 കൂടുകളിൽ 2000 മീനുകളെ വളർത്താം. ഈ മീനുകൾ പൂർണ വളർച്ചയെത്തിയാൽ കായൽ മീനുകളുടെ പ്രധാന വിപണന കേന്ദ്രമായി വക്കം മാറും.