sruthi

കിളിമാനൂർ: ശ്രുതിയിൽ നിന്നുയരുന്നത് സംഗീതം മാത്രമല്ല വർണ്ണപകിട്ടാർന്ന കരകൗശലങ്ങളും. ഇതിലൂടെ ലോക്ക് ഡൗൺ കാലത്ത് തന്റെ അത്യാവശ്യ ചിലവുകൾക്ക് ആവശ്യമായ തുക കണ്ടെത്തുകയാണ് ഈ കൊച്ചുമിടുക്കി. കിളിമാനൂർ ചൂട്ടയിൽ ശ്രുതിലയത്തിൽ മോഹൻദാസിന്റെയും ഷീജയുടെയും മകളാണ് ശ്രുതി. നീറമൺകര എൻ.എസ്.എസ് കോളേജിൽ നിന്നും സംഗീതത്തിൽ ബിരുദമെടുത്ത ശ്രുതി എല്ലാ വർഷവും ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാറുണ്ട്. സംഗീതത്തോടൊപ്പം സ്കൂൾപഠന കാലത്ത് കരകൗശല സാമഗ്രികളുടെ നിർമ്മാണത്തിൽ പ്രാവീണ്യം നേടിയിരുന്നു. സ്കൂൾ പ്രവൃത്തി പരിചയമേളകളിൽ ജില്ലാതലത്തിൽ പലവട്ടം ഒന്നാം സ്ഥാനം നേടി. പിന്നീട് സംഗീതത്തിൽ ബിരുദ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും കരകൗശല പരിശീലനം തുടർന്നിരുന്നു.

ലോക്ക് ഡൗണായതോടെ വീട്ടിനുള്ളിലിരുന്ന് പത്രക്കടലാസിൽ കുട്ട, ഫോട്ടോ ഫ്രെയിം, ഒഴിഞ്ഞ കുപ്പികളിൽ മുട്ടത്തോട് പൊട്ടിച്ച് ചെറിയ ചിപ്പുകളാക്കി ഒട്ടിച്ച് വർണ്ണങ്ങൾ പെയിന്റ് ചെയ്ത് ഫ്ലവർ ബേസിനുകൾ, ചെളിമണ്ണ് ഉരുട്ടി പൂക്കളാക്കുക തുടങ്ങി ഒട്ടേറെ കാതുക വസ്തുക്കളാണ് ശ്രുതി നിർമ്മിക്കുന്നത്. ഇവയുടെ ഫോട്ടോയും വിവരണവും യു-ട്യൂബിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിച്ചാണ് വിപണനം നടത്തുന്നത്.