തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ ലോക്ക് ഡൗൺ കാലത്ത് കുഞ്ഞുടുപ്പുകളുടെ കിറ്റ് സൗജന്യമായി കിട്ടും. രാജ്യത്തിനകത്തും പുറത്തും ഇതിനകം ശ്രദ്ധ നേടിയ പോപ്പീസ് ബേബി കെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിറ്റാണ് ലഭിക്കുന്നത്. പൂർണമായും അണുവിമുക്തമെന്ന് ഉറപ്പുവരുത്തിയവയാണ് ഓരോ കിറ്റും. ലോക്ക് ഡൗൺ കാലം തീരുന്നതു വരെ ഈ സൗജന്യ സേവനം തുടരും.
ഈ സേവനത്തിനു പിന്നിലെ കാരണം പോപ്പീസ് ബേബി കെയർ പ്രോഡ്ക്ട്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷാജു തോമസ് പറയുന്നതിങ്ങനെ:
''ലോക്ക് ഡൗൺ ആയതോടെ നവജാത ശിശുക്കൾക്കുള്ള വസ്ത്രത്തിനും ക്ഷാമമുണ്ടെന്ന് വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടുപ്പുകളുടെ കിറ്റ് എത്തിക്കാൻ സന്നദ്ധനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വില ഈടാക്കി വസ്ത്രങ്ങൾ ഫാർമസികളിൽ എത്തിക്കാനായിരുന്നു നിർദേശം.
'ഈ ലോക്ക് ഡൗൺ കാലത്ത് സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വസ്ത്രം സൗജന്യമായി നൽകാമെന്ന് അറിയിച്ച് ഞാൻ മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചു. അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
ഇതിനായി മൂന്നു ജോഡി ഉടുപ്പുകൾ അടങ്ങിയ 50,000 സെറ്റുകൾ എല്ലാ ആശുപത്രികൾക്കുമായി എത്തിക്കുന്നു. ഇപ്പോൾ സർക്കാർ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചാൽ പോപ്പീസിന്റെ വസ്ത്രം സൗജന്യമായി ലഭിക്കും. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇക്കാര്യം പരാമർശിച്ചു കേട്ടപ്പോൾ സന്തോഷമായി.''
നാട്ടിൽ മാസ്കിനു ക്ഷാമം ഉണ്ടായപ്പോൾ ഫാക്ടറി ഭാഗികമായി പ്രവർത്തിക്കാൻ അനുവാദം ലഭിച്ചു. 14 ലക്ഷത്തോളം മാസ്ക് തയ്ച്ച് സൗജന്യമായി വിതരണം ചെയ്തു. പൊലീസ്, ജില്ലാ ഭരണകൂടം... പിന്നെ മറ്റെല്ലാ സർക്കാർ സ്ഥാപനങ്ങളിലും മാസ്ക് എത്തിച്ചു. നൽകി. എല്ലാവരും പൂർണ പിന്തുണയാണ് നൽകുന്നത്.
എല്ലാം പോസിറ്റീവ്
ആയി കാണണം
കൊവിഡ് 19 പിടിമുറുക്കുന്നതിനു മുമ്പ് ഷാജു തോമസ് നിലമ്പൂരിലെ 'തുരുത്തേത്തി'ലുണ്ടാവുക മാസത്തിൽ അഞ്ചോ ആറോ ദിവസം മാത്രം. ബാക്കി ദിവസങ്ങളിൽ ബിസിനസ് സംബന്ധമായ യാത്രകളിലായിരിക്കും. ബംഗളൂരുവിലും തിരുപ്പൂരിലും ഫാക്ടറിയുണ്ട്. അവിടെയൊക്കെ പോകും. ഇപ്പോൾ പെട്ടെന്ന് യാത്രകൾ നിലച്ചതിനെയും ഷാജു പോസിറ്റീവായാണ് കണ്ടത്.
മൂന്നു കുട്ടികളുണ്ട്. അവർക്കൊപ്പം കളിക്കാനും ചെലവഴിക്കാനും കിട്ടുന്ന അവസരം പരമാവധി ഉപയോഗിക്കുന്നു. വീട്ടിൽ ഷട്ടിൽ ഇൻഡോർ കോർട്ട് ഉണ്ട്. അവിടെ കളിക്കും. ഹോം തിയേറ്ററിൽ കുടുംബവുമൊന്നിച്ച് സിനിമ കാണും. പിന്നെ പുസ്തകങ്ങൾ ധാരാളം വായിച്ചു. ആഹാരം പച്ചക്കറിയാക്കി. ഇലവർഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തി- അദ്ദേഹം പറഞ്ഞു.
എന്നു കരുതി ബിസിനിസ് കാര്യങ്ങൾക്ക് പൂർണ അവധിയൊന്നുമില്ല. ''മൂന്നു മണിക്കു ശേഷം ജീവനക്കാരുമായി വീഡിയോ കോൺഫറൻസ് നടത്തും. രണ്ടു മണിക്കൂറോളം ചർച്ച. ബഡ്ജറ്റിംഗിന്റെ കാര്യങ്ങൾ ചർച്ച ചെയ്യും. ഡിസൈനേഴ്സെല്ലാം അവരുടെ വീടുകളിലിരുന്ന് അടുത്ത വർഷത്തേക്കുള്ള ഡിസൈൻ വർക്ക് നടത്തിക്കൊണ്ടിരിക്കുകയാണ്''
ജീവനക്കാരെ
സുരക്ഷിതരാക്കി
800 ഓളം ജീവനക്കാർ ഹോസ്റ്റലുകളിൽ കഴിയുന്നവരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആരോഗ്യ പരിശോധന നടത്തി അവരെ സുരക്ഷിതരാക്കി. ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾത്തന്നെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ സ്റ്റോക്കു ചെയ്തു. പിന്നെ പറമ്പിലും പാടത്തുമൊക്കെയായി പച്ചക്കറി ആവശ്യത്തിനുണ്ട്. ചീര, വഴുതനങ്ങ, വെണ്ട. ചേമ്പ്, ചേന തുടങ്ങിയവ. സർക്കാർ അനുവാദത്തോടെ പൊള്ളാച്ചി, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെത്തി അവിടത്തെ കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങി. ഇവിടെ മീൻ വളർത്തുന്നുണ്ട്. ഫാമുകളിൽ നിന്ന് പാലു വാങ്ങും. അത് തൈരാക്കി സൂക്ഷിക്കും. ജീവനക്കാർക്ക് എല്ലാവർക്കും സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. 25 സെന്റ് ഭൂമിയിൽ ഭാര്യയുടെ മേൽനോട്ടത്തിലാണ് കൃഷി.
നന്മ തരുന്ന ധൈര്യം
ആഗോള ബ്രാൻഡ് ആവുകയെന്ന ലക്ഷ്യത്തോടെ വളർച്ചയുടെ പുതിയ ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കുകയാണ് മലപ്പുറം ജില്ലയിൽ മഞ്ചേരി വണ്ടൂരിനുമിടയിൽ തിരുവാലി പഞ്ചായത്തിൽ 2005ൽ ആരംഭിച്ച പോപ്പീസ് ബേബി കെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്. പത്രപ്രവർത്തകനായിരുന്ന ഷാജു തോമസിന്റെ വേറിട്ട ആശയത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. കുട്ടി ഉടുപ്പിൽ തുടങ്ങി, ഇപ്പോൾ ബേബി സോപ്പ്, ഓയിൽ തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു.
കുട്ടികൾക്ക് ഒരു ബ്രാൻഡ് ഇല്ലാതിരുന്ന കാലത്ത് എറ്റവും ഗുണമേന്മയോടെ കുട്ടികൾക്കുള്ളതെല്ലാം എത്തിക്കുകയായിരുന്നു. അത് ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയിൽ മുഴുവൻ പോപ്പീസിന്റെ സാന്നിദ്ധ്യമുണ്ട്. പുറത്ത് 30 രാജ്യങ്ങളിൽ പോപ്പീസ് ഉത്പന്നങ്ങൾ വില്ക്കപ്പെടുന്നു. വസ്ത്രനിർമ്മാണം കേരളത്തിൽ തുടങ്ങാൻ പോയപ്പോൾ തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു ആളുകൾ പറഞ്ഞതെന്ന് ഷാജു ഓർക്കുന്നു. ആദ്യം മാർക്കറ്റിൽ നിന്ന് തിരിച്ചടിയുണ്ടായി. കുറച്ചുനാൾ കഴിഞ്ഞായാലും നന്മ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ആറേഴു വർഷമെടുത്തു ലാഭത്തിലെത്താൻ. അതുവരെ ചങ്കൂറ്റത്തിൽ മുറുകെപ്പിടിച്ചും ഒപ്പമുള്ളവരുടെ പിന്തുണയിലും പിടിച്ചു നിന്നു.
തുടങ്ങിയപ്പോൾ ജീവനക്കാർ ഇരുപത്. അതിപ്പോൾ രണ്ടായിരത്തോളമായി. മലയാളികൾക്ക് വൈറ്റ്കോളർ ജോലിയോടു മാത്രം താത്പര്യമായപ്പോൾ അന്യസംസ്ഥാനക്കാർ തൊഴിലാളികളായി. പത്തോളം സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു.
ഭാര്യ ലിൻഡ പി.ജോസ് സ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ആണ്. 2014ൽ സംസ്ഥാന സർക്കാരിന്റെ മികച്ച വനിതാ വ്യവസായിക്കുള്ള പുരസ്കാരം ലിൻഡയ്ക്കായിരുന്നു. ഷാജു തോമസിന് 2017ൽ ഇക്കണോമിക് ടൈംസിന്റെ ബെസ്റ്റ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് അവാർഡ് ലഭിച്ചു. 2016 ൽ സംസ്ഥാന അവാർഡ്. മക്കളിൽ ഏബൽ നാലാം ക്ലാസിലും അന്ന രണ്ടിലും എസ്തർ യു.കെ.ജിയിലും.