വെള്ളറട: മലയോരമേഖലയിലെ അതിർത്തികൾ പൊലീസ് ബാരിക്കോഡ് ഉപയോഗിച്ച് അടച്ചു. കാര്യമായ പരിശോധനകൾക്ക് ശേഷമേ ഇനി അതിർത്തി കടന്ന് കേരളത്തിലേക്ക് എത്താൻ കഴിയുകയുള്ളു. ഇടറോഡുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ അതിർത്തി കടന്ന് ആളുകൾ എത്താൻ തുടങ്ങിയതോടുകൂടിയാണ് കേരള പൊലീസ് കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നത്. കന്നുമാംമൂട്, തോലടി, പനച്ചമൂട്, പുലിയൂർശാല, തുടങ്ങിയ സ്ഥലങ്ങളിൽ ബാരിക്കോഡുകൾ സ്ഥാപിച്ചത്. അതിർത്തിയിൽ ചില മരണങ്ങളുണ്ടായത് ദുരൂഹത പരത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടിക്ക് പൊലീസ് കടന്നത്. വരും ദിവസങ്ങളിൽ കേരളത്തിലേക്ക് വരുന്ന എല്ലാ ഇടറോഡുകളിലും പരിശോധന കാര്യക്ഷമമാക്കാനും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.