വെള്ളറട: ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്നവരിൽ വായന ശീലം വളർത്താൻ പുസ്തകങ്ങളുമായി യുവ കവി വീടുകൾക്കുമുന്നിൽ എത്തുന്നു. യുവകവി ഡോ: ബിജു ബാലകൃഷ്ണനാണ് പുസ്തകങ്ങളുമായി വീടുകൾക്കു മുന്നിൽ എത്തുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അദ്ധ്യാപകനാണ് കുന്നത്തുകാൽ സ്വദേശിയായ ഡോ: ബിജു ബാലകൃഷ്ണൻ, പാറശാല നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ആവശ്യക്കാർക്ക് സ്വന്തം വാഹനത്തിൽ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കും. വീട്ടിലെ സ്വന്തം ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ആയിരം പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വായിച്ച പുസ്തകങ്ങൾ തിരികെ വാങ്ങാനെത്തുമ്പോൾ മറ്റൊരു പുസ്തകം കൂടെ നൽകിയാണ് അടുത്ത സ്ഥലങ്ങളിലേക്ക് പോകുന്നത്. തിരുവന്തപുരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായിരുന്ന ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളും കുട്ടികൾക്ക് ആവശ്യമായ അറിവ് പകർന്നു നൽകുന്ന രചനകളും നടത്തിയിട്ടുണ്ട്. വിവിധ സിനിമകളിൽ തിരുവിതാംകൂർ ഭാഷയും കൈകാര്യം ചെയ്തിട്ടുണ്ട്. പാറശാല നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്ന അക്ഷര മധുരം, സൂര്യ കാന്തി, എന്നീ പദ്ധതികളുടെ കോഡിനേറ്റർ കൂടിയാണ് ബിജു ബാലകൃഷ്ണൻ.