നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തെ തുടർന്ന് ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചതോടെ നെയ്യാറ്റിൻകര താലൂക്കിലും തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും വൻ തോതിൽ വ്യാജചാരായ നിർമ്മാണം. നെയ്യാറ്റിൻകര എക്സൈസ് സംഘം ഓടിനടന്ന് നിരവധി വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചെങ്കിലും കൂണുപോലെ മുളയ്ക്കുന്ന വാറ്റുകേന്ദ്രങ്ങളൊക്കെ ഇപ്പോൾ പൊലീസിന്റെയോ എക്സൈസ് വകുപ്പിന്റെയോ കണ്ണെത്തും ദൂരത്തല്ല. കാരക്കോണം, ചെങ്കൽ, വട്ടവിള, പെരുമ്പഴുതൂർ, മാരായമുട്ടം, മഞ്ചവിളാകം, അവണാകുഴി, അരങ്കമുകൾ, രാമപുരം, കട്ടച്ചൽകുഴി, അടിമലത്തുറ തുടങ്ങി വാറ്റു കേന്ദ്രങ്ങൾക്ക് പേരുകേട്ടിരുന്ന സ്ഥലത്തൊക്കെ ഇപ്പോൾ വീണ്ടും വാറ്റ് സജീവമായി. ഈസ്റ്ററിന് വിൽക്കാനായാണ് ഇവ വൻതോതിൽ നിർമ്മിച്ച് ശേഖരിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര എക്സൈസ് വകുപ്പ് ജീവനക്കാർ മാത്രം ഏതാണ്ട് രണ്ടായിരത്തിലേറെ വാഷും കോടകളുമാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തി നശിപ്പിച്ചത്. ഒരു ലിറ്റർ വ്യാജ ചാരായത്തിന് നേരത്തേ 600 രൂപയായിരുന്നത് ഇപ്പോൾ 1800 രൂപയായി. മൊബൈൽ ചാരായ വില്പനയും സജീവമാണ്. ഇത്തരത്തിൽ ബൈക്കുകളിൽ വിൽക്കാൻ കൊണ്ടുവന്ന ചാരായം കഴിഞ്ഞ ദിവസം അവണാകുഴിക്ക് സമീപം എക്സൈസ് പിടികൂടി. നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. വരും നാളുകളിലും ചാരായവില്പന വർദ്ധിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.