നെടുമങ്ങാട്:കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയിൽ അധികൃതരുടെ സജീവ ഇടപെടൽ. കാടും പുഴയും താണ്ടി നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കർമ്മസേന സൗജന്യ ഭക്ഷ്യകിറ്റുകളുമായി ആദിവാസി ഊരുകളിൽ എത്തി.പേപ്പാറ ഡാം റിസർവോയർ പരിധിയിലെ പൊടിയക്കാല സെറ്റിൽമെന്റിൽ സൗജന്യ കിറ്റ് വിതരണം തഹസിൽദാർ ഉദ്‌ഘാടനം ചെയ്തു. 60 കുടുംബങ്ങൾക്കാണ് ഇവിടെ ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മെഡിക്കൽ ടീമിന്റെ സഹായവും ഉറപ്പാക്കി. റേഷൻ കടകൾ വഴിയുള്ള വിതരണത്തിനും തുടക്കമായി. അന്ത്യോദയ/ അന്നയോജന വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്. റേഷൻ കാർഡില്ലാത്തവർക്ക് ആധാർ കാർഡിനൊപ്പം സാക്ഷ്യപത്രം കൈപ്പറ്റി ഭക്ഷ്യകിറ്റുകൾ നൽകി. മുൻഗണന വിഭാഗങ്ങൾക്ക് 21 നകവും മറ്റുള്ളവർക്ക് 30 നകവും വിതരണം പൂർത്തിയാക്കുമെന്ന് നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. അസിസ്റ്റന്റ് സപ്ലൈ ഓഫീസർ വിപിൻലാൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ അശോക് കുമാർ, സനിൽകുമാർ, താജുദീൻ, സീമ, ഊരുമൂപ്പൻ ശ്രീകുമാർ, പട്ടികവർഗ പ്രെമോട്ടർ മൈനമ്മ എന്നിവർ നേതൃത്വം നൽകി. ഗതാഗത സൗകര്യമില്ലാത്ത ചെമ്പിക്കുന്ന്, കൊമ്പൂരാൻകല്ല്, കാരടി തുടങ്ങിയ ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് വനംവകുപ്പ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത്കുമാർ, എഫ്.ആർ.സി പ്രസിഡന്റ് കല്ലൻകുടി മനോഹരൻ കാണി, പട്ടികവർഗ പ്രമോട്ടർ നിർമ്മല എന്നിവർ നേതൃത്വം നൽകി.
ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനം ക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിതുര ഗവ.ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുൻകൈ എടുത്താണ് അടിയന്തര ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.