തിരുവനന്തപുരം: കൊവിഡ്-19 ഭീഷണി തുടരുന്നതിനാൽ ലോക്ക് ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ സമയമായില്ലെന്ന് വീഡിയോകോൺഫറൻസിൽ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതി സസൂക്ഷ്മം വിലയിരുത്തി പടിപടിയായിട്ടേ നിയന്ത്രണം ഒഴിവാക്കാനാകൂ എന്നും അറിയിച്ചു. ലോക്ക് ഡൗൺ പിൻവലിച്ച് ജനസഞ്ചാരം അനിയന്ത്രിതമായാൽ രോഗം വ്യാപിക്കുകയും സമൂഹവ്യാപനത്തിന് ഇടയാക്കുകയും ചെയ്യും. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഈ മാസം 30വരെ തുടരണം. അല്ലാത്തിടങ്ങളിൽ ഇളവ് നൽകാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം. കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നശേഷം സംസ്ഥാനത്ത് നൽകാവുന്ന ഇളവുകൾ തീരുമാനിക്കും.

രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും ആശങ്ക പൂർണമായി ഒഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലെ സ്ഥിതി കൂടി കണക്കിലെടുത്താണിത്.

സാമ്പത്തികസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കാൻ ഇളവുകളോടെ നിയന്ത്രണമാകാമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി വച്ചത്. കേന്ദ്രതീരുമാനം വന്നശേഷം നാളത്തെ മന്ത്രിസഭായോഗം അന്തിമതീരുമാനമെടുക്കും.