തിരുവനന്തപുരം : കൊവിഡ് 19 പടരുമ്പോഴും സംസ്ഥാനത്ത് തൊഴിൽവകുപ്പിന് കീഴിലുള്ള ഇ.എസ്.ഐ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ജോലിനോക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മാസ്‌ക് ഉൾപ്പെടയുള്ള അത്യാവശ്യ സാധനങ്ങൾക്കായി കേരള മെഡിക്കൽ സർവീസ് കോർപറേഷനെ (കെ.എം.എസ്.സി.എൽ) സമീപിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും പേരിനു പോലും ഇവ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് ആവശ്യമായ സാധനങ്ങൾക്ക് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴാണിത്. വിവിധ ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളിലും ഡിസ്‌പെൻസറികളിലുമായി 320ഡോക്ടർമാരാണുള്ളത്. നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂടിയാകുമ്പോൾ ഇത് അയ്യായിരത്തോളമാകും.
എൻ95 മാസ്‌ക്ക്, പി.പി.ഇ കിറ്റ്, തെർമോമീറ്റർ തുടങ്ങിയ അടിയന്തര ആവശ്യത്തിനുള്ള സാധനങ്ങൾക്കാണ് രണ്ടാഴ്ച മുമ്പ് ഓർഡർ നൽകിയത്. പതിനായിരം മാസ്‌ക്കിന് ഓർഡർ നൽകിയെങ്കിലും ഒന്നു പോലും ലഭ്യമാക്കിയില്ല. ഓരോ ദിവസം ബന്ധപ്പെടുമ്പോഴും അടുത്തദിവസം എത്തിക്കാമെന്ന മറുപടി നൽകും. എന്നാൽ എൻ 95 മാസ്‌ക് ഉൾപ്പെടെ നിലവിൽ സ്റ്റോക്ക് ഉണ്ടെന്നാണ് കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കുന്നത്. പതിവായി 108 ഇനം മരുന്നുകൾ ഇ.എസ്.ഐ വാങ്ങുന്നത് കെ.എം.എസ്.സി.എല്ലിൽ നിന്നാണ്. അതിനാലാണ് അടിയന്തരഘട്ടത്തിലും കോർപറേഷനെ സമീപിച്ചത്.
കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഇ.എസ്.ഐയിലെ ഡോക്ടർമാരുടെ സംഘടന സർജിക്കൽ മാസ്‌ക് വാങ്ങി ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കും നൽകിയത് തീർന്നു. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിദിനം നിരവധിപേരാണ് ഇ.എസ്.ഐ ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് പേരൂർക്കട, കരമന എന്നിവിടങ്ങളിലെ ഇ.എസ്.ഐ ഡിസ്‌പെൻസറികളിൽ കൊവിഡ് ലക്ഷണങ്ങളുമായെത്തിയവരെ ഡോക്ടർമാർ പരിശോധിക്കുകയും ദിശയിൽ വിവരമറിയിച്ച് കൊവിഡ് നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇ.എസ്.ഐ, ആകെ കണക്ക്
ആശുപത്രികൾ - ഒൻപത്
ഡിസ്‌പെൻസറികൾ - 134
രജിസ്റ്റർ ചെയ്തിട്ടുള്ളവർ - 10ലക്ഷം പേർ
കുടുംബാംഗങ്ങൾ ഉൾപ്പെടെ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് - 50ലക്ഷം പേർ