നെടുമങ്ങാട് : നെടുമങ്ങാട്ട് ഭീതി പരത്തി മാല പിടിച്ചുപറിക്കുന്ന സംഘം പൊലീസ് പിടിയിലായി. നെടുമങ്ങാട് 10-ാം കല്ല് പറമുട്ടം ഷെറീന മൻസിലിൽ എസ്.മുഹമ്മദ് ഷെഫീൻ (23), കായ്പാടി ലക്ഷംവീട് കോളനിയിൽ കരിയ്ക്കകത്ത് വീട്ടിൽ എം.മുഹമ്മദ് മാഹീൻ (23),പുതുകുളങ്ങര പള്ളിവിള ഷാഹിദ മൻസിലിൽ എ.അസിഫ് കെ.അലി (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 25 ന് രാത്രി എട്ടു മണിയോടെ കുളവികോണംജംഗ്‌ഷന്‌ സമീപം വച്ച് കരിപ്പൂര് മൂത്താംകോണം സ്വദേശി ഭാസ്കരനെ തടഞ്ഞു നിറുത്തി ദേഹോപദ്രവം ഏല്പിക്കുകയും മാല പിടിച്ചു പറിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദ് ഷെഫീനും അസിഫ് കെ.അലിയും പിടിയിലായത്. ഈ കേസിലെ മൂന്നാം പ്രതി വട്ടിയൂർക്കാവ് സ്വദേശി ശ്രീജിത്ത് നേരത്തെ പിടിയിലായിരുന്നു.ആനാട് സ്വദേശിയും വനിത എക്സൈസ് ഓഫീസറുമായ മഞ്ജുഷയെ സ്കൂട്ടർ തടഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം അഞ്ചു പവൻ മാല പിടിച്ചുപറിച്ച കേസിലും മൂഹമ്മദ് ഷെഫീൻ പങ്കാളിയാണ്. മുഹമ്മദ് മാഹീനും ഈ കേസിലാണ് അറസ്റ്റിലായത്.കഴിഞ്ഞ 3 ന് രാത്രി 8.45 ഓടെ ആട്ടുകാലിലാണ് സംഭവം.നെടുമങ്ങാട് സി.ഐ വി .രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ, എ.എസ്.ഐമാരായ പ്രദീപ്, ഫ്രാങ്ക്ളിൻ,വിജയൻ,എസ്.സി.പി.ഓമാരായ ബിജു, രാജേഷ്,സി.പി.ഒ സനൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.