തിരുവനന്തപുരം: ഗൾഫിലും മറ്റു രാജ്യങ്ങളിലും കഴിയുന്ന പ്രവാസികളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ എല്ലാശ്രമവും നടത്തുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കോവിഡ് ബാധിതരെ ചികിത്സിക്കാനായി ഡൽഹിയിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെ 15 അംഗ സംഘം ഇന്നലെ കുവൈറ്രിലെത്തി. ഇവർ രണ്ടാഴ്ച അവിടെ തങ്ങും. ആരോഗ്യ മേഖലയിലുള്ളവർക്ക് പരിശീലനം നൽകും. റാപിഡ് ടെസ്റ്രും നടത്തും.

ഗൾഫ് മേഖലയിലെ ഇന്ത്യക്കാർക്ക് മരുന്ന് നേരിട്ട് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ആശുപത്രികളും മറ്ര് സ്ഥാപനങ്ങളും വഴി ഇപ്പോൾ മരുന്ന് ലഭ്യമാക്കുന്നു. ഇത് വിപുലപ്പെടുത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ഭരണാധികാരികളുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കോവിഡ് ഈ രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചതിനാൽ അവരുടെ പരിമിതികളും നാം മനസിലാക്കണം.

ഗൾഫ് മേഖലയിൽ 12,108 പേർക്ക് കോവിഡ് ബാധിച്ചതിൽ 1607 പേർ ഇന്ത്യക്കാരാണ്. ബഹ്റൈനിൽ കോവിഡ് ബാധിച്ച 998 പേരിൽ 51 പേർക്കും ഭേദമായി.

കൊവിഡുമായി ബന്ധപ്പെട്ട് എംബസികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി. പ്രവാസികൾക്ക് എംബസികളുമായി ബന്ധപ്പെടാൻ ഹെൽപ്പ്ലൈൻ നമ്പരുകൾ നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകളും നൽകി.

മൃതദേഹം കൊണ്ടുവരാം

കൊവിഡ് മൂലവും അല്ലാതെയും മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സംവിധാനങ്ങളുണ്ട്. കാ‌ർഗോ വിമാനങ്ങളിലാണ് മൃതദേഹം കൊണ്ടുവരുന്നത്.

വിസ പ്രശ്നം പരിഹരിക്കും

വിസിറ്രിംഗ് വിസയിൽ വന്നവരുടെയും വിസ കാലാവധി കഴിഞ്ഞവരുടെയും ട്രാൻസിറ്ര് വിസയിലുള്ളവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നുണ്ട്. അനുഭാവ പൂർണമായ സമീപനമാണ് എല്ലാ രാജ്യങ്ങളുമെടുക്കുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടാം.