തിരുവനന്തപുരം: കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചെെനയിലെ വുഹാനിൽ. അവിടെ അതിനെ പിടിച്ചുകെട്ടിയിരുന്നെങ്കിൽ ലോകം ഇപ്പോൾ ഈ മഹാമാരിയുടെ പിടിയിലാവുമായിരുന്നില്ല. രണ്ടുവർഷം മുമ്പ് നിപ പൊട്ടിപ്പുറപ്പെട്ടത് കേരളത്തിൽ. പക്ഷേ, നിപ വൈറസുമായി ഒരാളും കേരളത്തിൽ നിന്നു പുറത്തേക്കു പോയില്ല. ലോകം രക്ഷപ്പെട്ടു. ഇൗ കരുതലിനുമുന്നിൽ ലോകം ഇന്ന് നമിക്കുന്നു.കൊവിഡിനെ ദ്രുതഗതിയിൽ പ്രതിരോധിച്ച ഈ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
കേരളത്തിൽ രോഗം
പിൻവാങ്ങുന്നു
ചെറിയ തോതിൽ തുടങ്ങി, വേഗത്തിൽ വർദ്ധിച്ച്, പിന്നീട് സാവധാനം കുറയുന്നതാണ് കൊവിഡ് വ്യാപന രീതി.
അങ്ങനെ നോക്കിയാൽ കേരളത്തിൽ രോഗം പിൻവാങ്ങുകയാണ്. ജനുവരി 30ന് ഒരാൾക്കാണ് രോഗം ആദ്യം കണ്ടത്. പിന്നീട് ഇറ്റലിയിൽ നിന്നുളളവരും ഉംറ തീർത്ഥാടകരും വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരും തബ്‌ലീഗുകാരും രോഗികളുടെ എണ്ണം പെരുകാൻ ഇടയാക്കി.
മാർച്ച് 23 മുതലാണ് രോഗം പ്രതിദിനം 20 ലേറെ പേർക്ക് എന്ന തോതിൽ കൂടാൻ തുടങ്ങിയത്. 30 ന് ഒറ്റദിവസം 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ പെരുപ്പം ഏപ്രിൽ രണ്ടുമുതൽ കുറയാൻ തുടങ്ങി. ഇപ്പോൾ അത് 10ൽ താഴെയാണ്. ഇന്നലെ രോഗം പുതുതായി സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.
ദേശീയ തലത്തിൽ മാർച്ച് 20 വരെ ദിവസം 50 പേർക്ക് എന്ന കണക്കിൽ തുടങ്ങി ഇപ്പോൾ ദിവസം 800 ലേറെ പേർക്കാണ് അസുഖം ബാധിക്കുന്നത്. മഹാരാഷ്ട്രയിൽ പ്രതിദിനം 200 ലേറെ പേർക്കും തമിഴ്നാട്ടിൽ 80 ലേറെ പേർക്കും രാജസ്ഥാനിൽ 70 ലേറെ പേർക്കും ഡൽഹിയിൽ 150 പേർക്കും രോഗം പടരുന്നു. അവിടെങ്ങും പ്രതിദിന രോഗവ്യാപനം കുറയുന്നില്ല.
നിപ നൽകിയ അനുഭവവും ജനങ്ങളുടെ അവബോധവും സഹകരണവും വിപുലമായ സാമൂഹ്യആരോഗ്യചികിത്സാസംവിധാനവും സർക്കാരിന്റെ ധീരമായ നടപടികളുമാണ് കേരളത്തിൽ കൊവിഡിനെ പ്രതിരോധിച്ചതെന്ന് മുൻ ആരോഗ്യ സെക്രട്ടറിയും നിപ ടീമിലെ പ്രധാനിയുമായിരുന്ന രാജീവ് സദാനന്ദൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നു വന്ന മലയാളികളിൽ 96 ശതമാനവും കൊവിഡ് പരിശോധനയ്ക്ക് തയ്യാറായതും സഹായകമായി..
കേരളത്തെ പ്രശംസിച്ച്
വാഷിംഗ്ടൺ പോസ്റ്റ്
കേരളം കൊവിഡിനെ കൈകാര്യം ചെയ്തത് രാജ്യത്തിനാകെ അനുകരണീയമാണെന്ന് അമേരിക്കൻ പത്രമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 'ശുഭപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മോശം അവസ്ഥയെ നേരിടാനാണ് തയ്യാറെടുത്തത്. രോഗവ്യാപന സാദ്ധ്യത കുറഞ്ഞെങ്കിലും വരുന്ന ആഴ്ചകളിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്ന ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ വാക്കുകളും പത്രം ഉദ്ധരിച്ചിട്ടുണ്ട്. നേരത്തേതന്നെ രോഗനിർണയം നടത്തിയതുപോലുള്ള നടപടികൾ രാജ്യത്തിനു മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഹെങ്ക് ബെക്കെഡത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗ്രാഫ് -
ഇംഗ്ളണ്ട്, കേരളം കൊവിഡ് താരതമ്യം
1.ജനസംഖ്യ
കേരളം 3.3 കോടി.
ഇംഗ്ളണ്ട് 6.6 കോടി.
2.കൊവിഡ് രോഗികൾ
കേരളം 375
ഇംഗ്ളണ്ട് 78,991
3 കൊവിഡ് മരണം
കേരളം 3
ഇംഗ്ളണ്ട് 9,875
4 മരണനിരക്ക്
കേരളം 0.58 ശതമാനം .
ഇംഗ്ളണ്ട് 12 ശതമാനം
ജനസംഖ്യയുടെയും സുസജ്ജമായ ആരോഗ്യസംവിധാനത്തിന്റെ അടുപ്പം മുൻനിറുത്തിയാണ് ഈ താരതമ്യം.