തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 10 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിലെ മൂന്ന് പേർ ദുബായിൽ നിന്നെത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിൽ പകർന്നതാണ്.
ഇന്നലെ 19 നെഗറ്റീവ് ഫലം ലഭിച്ചു. കാസർകോട് -9, പാലക്കാട്-4, തിരുവനന്തപുരം -3, ഇടുക്കി- 2, തൃശൂർ-1 എന്നിങ്ങനെയാണ് നെഗറ്റീവ് ഫലം.
കൊവിഡ് മുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞു പിറന്ന സന്തോഷവാർത്തയും മുഖ്യമന്ത്രി പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് കാസർകോട് സ്വദേശിയായ യുവതി രോഗമുക്തി നേടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.