തിരുവനന്തപുരം:ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. തിരുക്കമ്മർങ്ങൾ ഇന്നലെ അർദ്ധരാത്രിയിലും ഇന്നു പുലർച്ചെയുമായി വിവിധ ദേവാലയങ്ങളിൽ നടക്കും. ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കാറുള്ള ഉയിർപ്പിന്റെ ശുശ്രൂഷകൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്.ഈസ്റ്ററിന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും മറ്റ് ചടങ്ങുകളും ഉണ്ടാകും.വിശ്വാസികൾക്ക് വീട്ടിലിരുന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചടങ്ങുകൾ കാണുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്യും.
പാളയം സെന്റ്‌ജോസഫ്സ് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ കർമ്മങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം നേതൃത്വം നൽകും. മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ തിരുകർമങ്ങൾക്ക് പട്ടം സെന്റ്‌മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമ്മികത്വം വഹിക്കും.
പി.എം.ജിയിലുള്ള ലൂർദ് ഫെറോന പള്ളിയിൽ ഇന്നലെ നടന്ന തിരുകർമ്മങ്ങൾക്ക് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർതോമസ് തറയിൽനേതൃത്വം നൽകി.വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, കേശവദാസപുരം മാർ ഗീവർഗീസ് സഹദ സീറോ മലബാർ ദേവാലയം, പാളയം സമാധാനരാജ്ഞി ബസിലിക്ക, പാളയം സി.എസ്.ഐ കത്തീഡ്രൽ, പുന്നന്റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, പോങ്ങുംമൂട് സെന്റ്‌മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസനദേവാലയം, പാളയം സെന്റ്‌ജോർജ് ഓർത്തഡോക്സ് കത്തിഡ്രൽ, പാറ്റൂർ സെന്റ്‌തോമസ് മാർത്തോമാ പള്ളി, പേട്ട പള്ളിമുക്ക് സെന്റ് ആൻസ് ഫെറോന പള്ളി, കിള്ളിപ്പാലം സെന്റ് ജൂഡ് ചർച്ച്, നാലാഞ്ചിറ സെന്റ്‌മേരീസ് ഓർത്തഡോക്സ് പള്ളി,പനവിള സിറ്റി ലൂഥറൻ ചർച്ച് തുടങ്ങി പ്രധാന ചർച്ചുകളിൽ ഈസ്റ്റർ ആഘോഷം നടക്കും.