madhu

തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാൻ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളെയും കൂട്ടിയോജിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഇപ്പോൾ കൊവിഡ് പ്രതിരോധത്തിലും നടത്തുന്നത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തതു മുതൽ ദുരന്തം ലഘൂകരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം മാർച്ച് 13ന് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് വി.കെ.മധു വിളിച്ചു ചേർത്തതാണ് പ്രവർത്തനങ്ങൾ താഴെത്തട്ടിൽ തുടങ്ങാൻ സഹായകമായത്. മന്ത്രിമാരായ കെ.കെ.ശൈലജയും കടകംപള്ളി സുരേന്ദ്രനും പങ്കെടുത്ത യോഗത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് രൂപരേഖ കൈവന്നു. ചടുലതയാർന്ന പ്രവർത്തനങ്ങൾ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചു.പഞ്ചായത്തു തലയോഗങ്ങൾ ചേർന്ന് വാർഡുതല സമിതികൾക്കു രൂപം നൽകി. ജില്ലയിലെ 1299 വാർഡുകളിലും ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന 10 അംഗ ടീമിനെ രൂപീകരിച്ചതോടെ പ്രവർത്തങ്ങൾക്ക് ശരവേഗം കൈവന്നു.

പ്രതിരോധ പ്രവർത്തനം

ഗ്രാമീണമേഖലയിലെ ആയിരത്തോളം സർക്കാർ ഓഫീസുകളിൽ ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകൾ സജ്ജീകരിച്ചു
ഒരു ലക്ഷത്തോളം മാസ്‌കുകളും സാനിറ്റൈസറുകളും സംഭരിച്ച് വിതരണം നടത്തി
എട്ട് ഗാർമെന്റ് യൂണിറ്റുകളും കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് മാസ്‌കുകൾ നിർമ്മിച്ചു
മൂന്നുപേർ വീതമുള്ള അഞ്ച് ആക്ഷൻ ടീമുകൾ വീതം ഓരോ വാർഡിലും സജ്ജീകരിച്ചു
നെടുമങ്ങാട്,നെയ്യാറ്റിൻകര ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു
73 ഗ്രാമപഞ്ചായത്തുകളിലുമായി 81 കമ്മ്യൂണിറ്റി കിച്ചൺ സജ്ജീകരിച്ചു

കമ്മ്യൂണിറ്റി കിച്ചണിലൂടെ ദിവസവും കാൽലക്ഷത്തോളം പേർക്ക് ഭക്ഷണം നൽകിവരുന്നു
പാഥേയം പദ്ധതിയിലുൾപ്പെടുത്തി 6500 പേർക്ക് ദിവസവും പൊതിച്ചോറ് നൽകുന്നു
15 ജനകീയഹോട്ടലുകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ചു
അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ നടപടി.
12 പഞ്ചായത്തിലെ 206 ആദിവാസി ഊരുകളിൽ ഭക്ഷ്യകിറ്റുകളും മരുന്നും എത്തിക്കാൻ വോളന്റിയർമാരെ നിയോഗിച്ചു
രോഗികൾക്ക് മരുന്നുകൾ എത്തിക്കാൻ ഓൺലൈൻ സർവീസ്
യുവജന കമ്മിഷന്റെ സഹായത്തോടെ ജില്ലാപഞ്ചായത്ത് ജില്ലയിലാകെ 1000 ൽ അധികം വോളന്റിയർമാർ