തിരുവനന്തപുരം: അമേരിക്കയിൽ നിന്നെത്തിയ നിക്കോള ടിമോഷെ കേരളത്തെ പറ്റി പാടിയ പാട്ടും വീഡിയോയും മലയാളികളാകെ ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തിന്റെ ലോഗോ വച്ച് സായിപ്പന്മാർ ടി-ഷർട്ട് അടിച്ചു തുടങ്ങി എന്ന പേരിൽ ആ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ഉക്രെയിൻകാരനാണെങ്കിലും അമേരിക്കയിൽ സ്ഥിര താമസമാക്കിയ നിക്കോള സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആൽബം ഇറക്കിയത്. ആളിപ്പോൾ കോഴിക്കോട് 'വീട്ടിരിക്കുക'യാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോക്കായതിൽ സന്തോഷിക്കുകയാണെന്ന് പ്രകടനത്തിൽ നിന്നും പാട്ടിലെ വരികളിൽ നിന്നും വായിച്ചെടുക്കാം.കേരളത്തിന്റെ പടം ടി-ഷർട്ടിൽ പിടിപ്പിക്കുന്നതും അത് ധരിച്ച് ആഘോഷിക്കുന്നതുമാണ് വീഡിയോയിൽ. കേരളത്തിനെ പ്രശംസിക്കുന്ന ഇംഗ്ളീഷ് വരികൾക്കൊടുവിൽ പച്ചമലയാളത്തിൽ സായിപ്പിന്റെ ഡയലോഗ് ഇങ്ങനെ - 'നമ്മുടെ നാട് നമ്മുടെ വീട്'. ബാക്ക് ടു ലൈഫ് എന്ന ടാഗിലാണ് ആഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.
കേരളത്തിലും മറ്റും കറങ്ങാൻ എത്തത്തിയതാണ് സഞ്ചാരസാഹിത്യകാരനും മ്യൂസിക് വീഡിയോകളുടെ സംവിധായകനുമൊക്കെയായ നിക്കോള.
ഇവിടുത്തെ പറോട്ടയൊക്കെ വലിച്ചു കീറി കഴിച്ച്, ബീച്ചുകളിലും നാട്ടുവഴികളിലും ഉല്ലസിച്ച് നടന്നപ്പോഴാണ് ലോക്കായി പോയത്. ഇപ്പോൾ താമസിക്കുന്നിടത്തു നിന്ന് പുറത്തുപോകാനാവാത്തതിനാൽ മ്യൂസിക് വീഡിയോകൾ നിർമ്മിച്ച് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കുകയാണ്.
പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിക്കോള ആദ്യം ഞെട്ടി. ചെന്നൈ വഴി മുംബയിൽ പോകാനായിരുന്നു പ്ലാൻ. പിന്നീട് മനസിലായി എല്ലാ നല്ലതിനാണെന്ന്. അമേരിക്കയിലെങ്ങാനും എത്തിയിരുന്നെങ്കിൽ പെട്ടുപോയേനെ!